ഹോട്ടല്‍ തകര്‍ത്ത് വധശ്രമം; ക്വട്ടേഷന്‍ നല്‍കിയത് യൂത്ത്.കോണ്‍ നേതാവ്

കോഴിക്കോട്: കെട്ടിടം ഒഴിപ്പിക്കുന്നതിന് ഹോട്ടല്‍ തകര്‍ത്ത് ഹോട്ടലുടമയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ നഗരത്തിലെ കുപ്രസിദ്ധ ഗുണ്ടാത്തലവനെ കസബ പൊലീസ് അറസ്റ്റ് ചെയ്തു. അരക്കിണര്‍ മീന്‍ചാപ്പക്കു സമീപം പി.ടി ക്വാര്‍ട്ടേഴ്സില്‍ സഖറിയയെയാണ് (33) കസബ സി.ഐ ബാബു പെരിങ്ങോത്തിന്‍െറ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഹോട്ടലുടമ തമിഴ്നാട് സ്വദേശി മണിയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവടക്കം ഒമ്പതു പേരെക്കൂടി പൊലീസ് തിരയുന്നു. പാറോപ്പടി സ്വദേശിയായ യൂത്ത് കോണ്‍ഗ്രസ് നേതാവാണ് 5000 രൂപ അഡ്വാന്‍സ് സഹിതം തന്‍െറ സംഘത്തിന് ക്വട്ടേഷന്‍ നല്‍കിയതെന്ന് സഖറിയ മൊഴി നല്‍കി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാവിനു കീഴില്‍ പ്രവര്‍ത്തിക്കുന്നവരാണ് സഖറിയയുടെ നേതൃത്വത്തിലുള്ള ക്വട്ടേഷന്‍ സംഘമെന്ന് പൊലീസ് അറിയിച്ചു.മാവൂര്‍ റോഡില്‍ കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്‍ഡിന്‍െറ എതിര്‍വശത്തായി തമിഴ്നാട് സ്വദേശി മണി വര്‍ഷങ്ങളായി ഹോട്ടല്‍ നടത്തിവരുകയാണ്. പ്രതിദിനം 2500 രൂപയാണ് വാടക. കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡ് ഉടന്‍ തുറക്കുന്നത് മുന്നില്‍കണ്ട് ഇദ്ദേഹത്തെ ഒഴിപ്പിക്കാന്‍ കെട്ടിട ഉടമ ജാഫര്‍ഖാന്‍ കോളനി സ്വദേശി അബ്ദുറഹ്മാന്‍ ക്വട്ടേഷന്‍ സംഘത്തെ നിയോഗിക്കുകയായിരുന്നു. പ്രതിദിനം 10,000 രൂപ വാടക മറ്റാരോ വാഗ്ദാനം ചെയ്തതാണ് കുടിയൊഴിപ്പിക്കല്‍ ശ്രമത്തിന് കാരണം. ഏപ്രില്‍ 17ന് രാത്രി ഹോട്ടലിലെത്തിയ സംഘം ഫര്‍ണിച്ചറും അലമാരയുമടക്കം ഉപകരണങ്ങള്‍ അടിച്ചുതകര്‍ത്തു. തടയാന്‍ ശ്രമിച്ച മണിയെ കമ്പിവടികൊണ്ട് തലക്കടിച്ചു വീഴ്ത്തി. ഉടന്‍ തമിഴ്നാട്ടിലേക്ക് മടങ്ങിയില്ലെങ്കില്‍ കൊന്നുതള്ളുമെന്ന് ഭീഷണി മുഴക്കിയതായി മണി മൊഴിനല്‍കിയിട്ടുണ്ട്. അടിയേറ്റ് അബോധാവസ്ഥയിലായ ഇദ്ദേഹം ഇപ്പോഴും ചികിത്സയിലാണ്. സഖറിയയുടെ നേതൃത്വത്തിലുള്ള ക്വട്ടേഷന്‍ സംഘത്തോടൊപ്പം യൂത്ത് കോണ്‍ഗ്രസ് നേതാവും ഉണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സഖറിയയെ പൊലീസ് കസ്റ്റഡിയിലെടുത്ത ഉടന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് കസബ എസ്.ഐയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. ഹോട്ടല്‍ തകര്‍ക്കുന്നതിനു മുമ്പ് മദ്യപിക്കാനാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് 5000 രൂപ നല്‍കിയതെന്നും കോട്ടപ്പറമ്പിലെ ബാറില്‍നിന്ന് 10 പേരും മദ്യപിച്ചതായും സഖറിയയുടെ മൊഴിയിലുണ്ട്. നിരവധി ക്രിമിനല്‍ കേസില്‍പെട്ട ഇയാള്‍ക്കെതിരെ നഗരത്തിലെ മൂന്നു പൊലീസ് സ്റ്റേഷനുകളില്‍ കേസുകള്‍ നിലവിലുണ്ട്. സഖറിയയെ ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ പൊലീസ് നടപടി ആരംഭിച്ചു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കെട്ടിട ഉടമ അബ്ദുറഹ്മാന്‍ ഒളിവിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.