മൂക്കുന്നിമല ക്വാറി: ശാസ്ത്രീയപഠനം നടത്തുമെന്ന് കലക്ടര്‍

നേമം: മൂക്കുന്നിമലയില്‍ സമ്പൂര്‍ണ ക്വാറി നിരോധം ആവശ്യപ്പെട്ട് നാട്ടുകാര്‍ ജില്ലാ കലക്ടറെ കണ്ടു. ശാസ്ത്രീയ പഠനം നടത്താന്‍ കമ്മിറ്റിയെ നിയോഗിക്കുമെന്ന് കലക്ടര്‍ ഉറപ്പുനല്‍കി. മൂക്കുന്നിമല സംരക്ഷണ സമരസമിതിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ഒന്നരമാസമായി പ്രാവച്ചമ്പലം അരിക്കടമുക്ക്, ഇടക്കോട് മൂക്കുന്നിമല ക്വാറിയിലേക്കുള്ള ലോറി ഗതാഗതം നാട്ടുകാര്‍ തടസ്സപ്പെടുത്തിയിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ കഴിഞ്ഞയാഴ്ച കലക്ടര്‍ ബിജു പ്രഭാകര്‍ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. തുടര്‍ന്ന് നാട്ടുകാരുമായി കലക്ടര്‍ സംസാരിച്ച വ്യവസ്ഥകള്‍ക്കനുസരിച്ച് സമരക്കാരെ കലക്ടറേറ്റില്‍ ബുധനാഴ്ച വൈകുന്നേരം ചര്‍ച്ചക്ക് ക്ഷണിച്ചിരുന്നു. ചര്‍ച്ചക്കിടെ നാട്ടുകാരുടെ പരാതികള്‍ കേട്ട കലക്ടര്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ശാസ്ത്രീയ പഠന കമ്മിറ്റിയെ നിയോഗിക്കുമെന്ന് ഉറപ്പുനല്‍കി. കൂടാതെ ക്വാറി നിയമപരമായിട്ടാണോ പ്രവര്‍ത്തിക്കുന്നതെന്നും മറ്റുമുള്ള കാര്യങ്ങള്‍ അന്വേഷിച്ച് വിലയിരുത്തി നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു. പഠന റിപ്പോര്‍ട്ട് വന്നശേഷം ക്വാറി ഉടമകളുമായും ചര്‍ച്ച ചെയ്യും. അതുവരെ മൂക്കുന്നിമലയിലെ ക്വാറി പ്രവര്‍ത്തനവും ഗതാഗതവും നിരോധിച്ചുകൊണ്ടും കലക്ടര്‍ ഉത്തരവായി. കലക്ടറുടെ ചേംബറില്‍ സമരസമിതി പ്രതിനിധികളായ ഡോ. മോഹന്‍കുമാര്‍, ഡോ. രാജശേഖരന്‍നായര്‍, ഗോപിപിള്ള, സുരേന്ദ്രകുമാര്‍, സജികുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചര്‍ച്ച.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.