നഗരത്തിലെ ഗതാഗതക്കുരുക്കിനെതിരെ സി.പി.ഐ

കൊച്ചി: മെട്രോ നിര്‍മാണം നടക്കുന്ന പശ്ചാത്തലത്തില്‍ നഗരത്തില്‍ സൃഷ്ടിക്കപ്പെട്ട ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണാന്‍ അടിയന്തര നടപടിയെടുക്കണമെന്ന് സി.പി.ഐ എറണാകുളം മണ്ഡലം കമ്മിറ്റി സെക്രട്ടറി എം.പി. രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. അടിസ്ഥാന സൗകര്യ വികസനം പൂര്‍ത്തിയായശേഷമേ മെട്രോ റെയില്‍ നിര്‍മാണം നഗരത്തിനകത്ത് ആരംഭിക്കൂവെന്ന ഡി.എം.ആര്‍.സി ഉറപ്പും റോഡിന്‍െറ വീതി വര്‍ധിപ്പിക്കാനും നടപ്പാതകള്‍ ഒരുക്കാനും കാനകളുടെയും കലൂര്‍ കല്‍വര്‍ട്ടിന്‍െറയും പുനര്‍നിര്‍മാണങ്ങളും നടത്തുമെന്ന ഉറപ്പും പാലിക്കപ്പെട്ടില്ല. നോര്‍ത് റെയില്‍വേ മേല്‍പ്പാലം ജനങ്ങള്‍ക്ക് തുറന്നുകൊടുത്തെങ്കിലും ടു വീലറുകള്‍ക്കും ഓട്ടോകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയത് സാധാരണ ജനങ്ങളുടെ യാത്ര ദുരിതപൂര്‍ണമാക്കി. പച്ചാളം മേല്‍പ്പാലത്തിന്‍െറ പണികള്‍ നടക്കുന്നില്ല. എന്നാല്‍, റെയില്‍വേ ഗേറ്റ് അടച്ച് ഗതാഗതം നിരോധിച്ചിരിക്കുകയാണ്. മാമംഗലം, വടുതല, ചേരാനല്ലൂര്‍ പ്രദേശങ്ങളില്‍നിന്ന് നഗരത്തിലേക്കുള്ള സാധാരണ മനുഷ്യരുടെ സഞ്ചാരവും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഡി.എം.ആര്‍.സിയും ട്രാഫിക് പൊലീസും കൊച്ചി നഗരസഭയും ഗൃഹപാഠം ഇല്ലാതെ നടത്തുന്ന പരിഷ്കാരങ്ങളാണ് നഗരജീവിതം ദുസ്സഹമാക്കുന്നത്. ഗതാഗതക്കുരുക്കിന് പരിഹാരം കാണാന്‍ അധികൃതര്‍ നടപടി എടുത്തില്ലെങ്കില്‍ ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്ന് സി.പി.ഐ നേതൃത്വം അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.