മെട്രോ നിര്‍മാണം യു.ഡി.എഫ് സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്ന്

കൊച്ചി: കൊച്ചിയുടെ സ്വപ്ന പദ്ധതിയായ മെട്രോ നിര്‍മാണം യു.ഡി.എഫ് സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി സി.എം. ദിനേശ് മണി. അനുബന്ധ പശ്ചാത്തല വികസനം പൂര്‍ത്തിയാക്കി നാലുവരി ഗതാഗതം ഉറപ്പുവരുത്തിയ ശേഷമേ മെട്രോ നിര്‍മാണം ആരംഭിക്കൂവെന്ന ഉറപ്പ് സര്‍ക്കാറും കെ.എം.ആര്‍.എല്ലും പാലിക്കുന്നില്ല. ജില്ലാ ഭരണകൂടവും സിറ്റി പൊലീസും കാഴ്ചക്കാരായി മാറി. പതിനായിരക്കണക്കിന് കാല്‍നടക്കാരും ആയിരക്കണക്കിന് വാഹനങ്ങളും ഗതാഗതക്കുരുക്കില്‍പെട്ട് നക്ഷത്രമെണ്ണുന്ന സ്ഥിതിയാണെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. മെട്രോ റെയില്‍ നിര്‍മാണത്തിന്‍െറ മുന്നൊരുക്കമെന്ന നിലയില്‍ ശുദ്ധജല വിതരണ പൈപ്പുകളും കേബിളുകളും ഇലക്ട്രിക്കല്‍ പോസ്റ്റുകളും ലാമ്പ് പോസ്റ്റുകളും കാനകളും ഫുട്പാത്തുകളും മാറ്റിസ്ഥാപിക്കണമായിരുന്നു. ജങ്ഷനുകളില്‍ വാഹനങ്ങള്‍ക്ക് ലെഫ്റ്റ് ടേണര്‍ എടുത്തുപോകാന്‍ കഴിയുംവിധം ബെല്‍ നിര്‍മിക്കാനും ജങ്ഷനുകള്‍ ഇംപ്രൂവ് ചെയ്യാനും നടപടി സ്വീകരിച്ചിട്ടില്ല. ജില്ലാതല പര്‍ച്ചേസ് കമ്മിറ്റിയുമായി ധാരണയെത്തിയവര്‍ക്കുപോലും സ്ഥലവില കൊടുത്ത് സ്ഥലം ഏറ്റെടുക്കാന്‍ അധികൃതര്‍ തയാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മെട്രോ നിര്‍മാണം നടക്കുന്ന സ്ഥലങ്ങളിലെ ആയിരക്കണക്കായ വ്യാപാര സ്ഥാപനങ്ങളും തൊഴിലാളികളും ഇപ്പോള്‍ പ്രതിസന്ധിയിലാണ്. ഗതാഗതക്കുരുക്കിന് പരിഹാരമായാണ് മെട്രോ റെയില്‍ നിര്‍മിക്കുന്നത്. എന്നാല്‍, പുതിയ കുരുക്കുണ്ടാക്കാനാണ് ഇപ്പോഴത്തെ ശ്രമം. മെട്രോ അനുബന്ധ അടിസ്ഥാന സൗകര്യ വികസനം യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിച്ചശേഷമേ മെട്രോ നിര്‍മാണം നടത്താവൂവെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.