അറവുമാലിന്യം കായലില്‍ തള്ളുന്നു; രോഗഭീതിയില്‍ നാട്ടുകാര്‍

വടുതല: വടുതല ജെട്ടിയോട് ചേര്‍ന്ന കായലില്‍ അറവുമാലിന്യം വ്യാപകമായി തള്ളുന്നതായി പരാതി. ഇതുമൂലം പരിസരവാസികളും മത്സ്യത്തൊഴിലാളികളും ദുരിതംപേറുകയാണ്. വിശേഷദിവസങ്ങളിലും ഞായറാഴ്ചകളിലുമാണ് ഇത് കൂടുതല്‍ അനുഭവപ്പെടുന്നത്. കഴിഞ്ഞ ഒരാഴ്ചത്തെ വിശേഷദിവസങ്ങള്‍ കൊണ്ട് ലോഡുകണക്കിന് മാലിന്യമാണ് കായലില്‍ തള്ളിയത്. പരിസരവാസികള്‍ ഉറങ്ങിയെന്ന് നിരീക്ഷണത്തിലൂടെ ഉറപ്പാക്കിയ ശേഷമാണ് ബോട്ട് ജെട്ടിയോട് ചേര്‍ന്ന ഭാഗത്തുവന്ന് തള്ളുന്നത്. കായലില്‍ ഒഴുകുന്ന അറവുമാലിന്യം ഇറക്കസമയത്ത് കരക്ക് അടിയുന്നതോടെ പരിസരത്താകെ ദുര്‍ഗന്ധമാകും. കാക്കയും നായകളും ഇത് വലിച്ചിഴച്ച് പരിസരത്തെ വീടുകളിലും മറ്റും കൊണ്ടുവന്നിടുന്നത് പതിവാകുകയാണ്. മാലിന്യം കാക്ക കൊത്തി വാട്ടര്‍ ടാങ്കിലും കിണറുകളിലും കൊണ്ടുവന്നിടുന്നത് ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകുന്നുണ്ട്. ഈസ്റ്റര്‍ ദിവസം രാത്രി 12ന് മാലിന്യം തള്ളുന്നത് കണ്ടതായി പരിസരവാസികള്‍ പറയുന്നു. പൂച്ചാക്കല്‍ എസ്.ഐയോട് കാര്യങ്ങളുടെ ഗൗരവം ബോധിപ്പിച്ചിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. കായലില്‍ മത്സ്യബന്ധനം നടത്തുന്നവരുടെ വലകളില്‍ ദുര്‍ഗന്ധം വമിക്കുന്ന അവശിഷ്ടങ്ങള്‍ കുടുങ്ങുന്നത് പതിവാകുന്നുണ്ട്. പഞ്ചായത്തിലെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരോട് പല പ്രാവശ്യം പരാതിപ്പെട്ടിട്ടും ഫലം കാണുന്നില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.