പുറക്കാട്ട് പുലിമുട്ട് നിര്‍മാണം തുടങ്ങി

അമ്പലപ്പുഴ: പുറക്കാട് തീരത്തെ കടലാക്രമണത്തില്‍നിന്ന് രക്ഷിക്കാനായി പുറക്കാട് ജങ്ഷന്‍ പടിഞ്ഞാറ് പുലിമുട്ട് നിര്‍മാണം തുടങ്ങി. ഫെബ്രുവരിയിലായിരുന്നു നിര്‍മാണോദ്ഘാടനം. പുറക്കാട് മുതല്‍ പഴയങ്ങാടി വരെയാണ് ഇപ്പോള്‍ പുലിമുട്ട് നിര്‍മിക്കുന്നത്. കഴിഞ്ഞ മാസം ഇതിനുള്ള 30 ലോഡ് കരിങ്കല്ലുകള്‍ ഇറക്കി. ഇത് തീര്‍ന്നതിനെ തുടര്‍ന്ന് കല്ലുകള്‍ വീണ്ടും എത്തിക്കാന്‍ നടപടി തുടങ്ങിയിട്ടുണ്ട്. പുലിമുട്ടിനായി ഇറക്കിയ കരിങ്കല്ലുകള്‍ക്കിടയിലൂടെയാണ് പുറക്കാട് കഴിഞ്ഞയാഴ്ച കടലേറ്റം ഉണ്ടായത്. കടലാക്രമണത്തില്‍നിന്ന് തീരം സംരക്ഷിക്കാന്‍ 16 പുലിമുട്ടുകളാണ് ആദ്യഘട്ടത്തില്‍ നിര്‍മിക്കുന്നത്. പുന്തല മുതല്‍ പഴയങ്ങാടി വരെ നാലു കിലോമീറ്റര്‍ പുലിമുട്ട് നിര്‍മിക്കാന്‍ 12 കോടിയാണ് അനുവദിച്ചത്. ചെന്നൈ ഐ.ഐ.ടിയുടെ പഠനത്തിന്‍െറ അടിസ്ഥാനത്തിലാണ് പുലിമുട്ടുകളുടെ രൂപകല്‍പന. 40 മീറ്ററിന്‍െറ എട്ടും 30 മീറ്ററിന്‍െറ രണ്ടും 20 മീറ്ററിന്‍െറയും 15 മീറ്ററിന്‍െറയും മൂന്നുവീതം പുലിമുട്ടുകള്‍ നിര്‍മിക്കും. കല്ലിറക്കുന്നതുമായി ബന്ധപ്പെട്ട് പുറക്കാട് തീരത്തോട് ചേര്‍ന്ന് വെയ്ബ്രിഡ്ജ് സംവിധാനവും നിലവില്‍വന്നു. രണ്ടാംഘട്ടത്തില്‍ പഴയങ്ങാടി മുതല്‍ വടക്കോട്ട് പുലിമുട്ട് നിര്‍മിക്കും. 21 കോടി ചെലവില്‍ 28 പുലിമുട്ടുകളാണ് നിര്‍മിക്കുക. ഇതിനുള്ള പദ്ധതി നബാര്‍ഡിന്‍െറ അനുമതിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. 40 മീറ്ററിന്‍െറ 12, 30 മീറ്ററിന്‍െറ ആറ്, 20 മീറ്ററിന്‍െറയും 15 മീറ്ററിന്‍െറയും അഞ്ചുവീതം പുലിമുട്ടുകളാണ് രണ്ടാംഘട്ടത്തില്‍ നിര്‍മിക്കുകയെന്ന് ജലസേചന വകുപ്പ് അധികൃതര്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.