മഴ വീണാല്‍ കുട്ടനാട്ടുകാര്‍ ഇരുട്ടില്‍

കുട്ടനാട്: ഈസ്റ്റര്‍, വിഷു തുടങ്ങിയ വിശേഷദിനങ്ങളില്‍ കുട്ടനാട്ടിലെ പല പഞ്ചായത്തിലും ജനം രാത്രി തള്ളിനീക്കിയത് ഇരുട്ടില്‍ തപ്പിത്തടഞ്ഞ്. വേനല്‍മഴയെ തുടര്‍ന്ന് മിക്കവാറും ദിവസങ്ങളില്‍ ശക്തമായ കാറ്റിലും മഴയിലും ഇലക്ട്രിക് ലൈനുകളിലേക്ക് മരച്ചില്ലകള്‍ ഒടിഞ്ഞുവീഴുകയും കമ്പികള്‍ പൊട്ടി വൈദ്യുതി ബന്ധം തകരാറിലാവുകയും ചെയ്യുന്നത് നിത്യസംഭവമായിരിക്കുകയാണ്. മഴക്കാലം എത്തുംമുമ്പേ വൈദ്യുതി ലൈനിന് മുകളിലെ മരച്ചില്ലകള്‍ വെട്ടിമാറ്റണമെന്ന വൈദ്യുതി വകുപ്പിന്‍െറ വ്യക്തമായ നിര്‍ദേശമുണ്ടെന്നിരിക്കെ അത് യഥാവിധി നടപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ തയാറാകുന്നില്ല. പി.എസ്.സി നിയമനം ലഭിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് മരത്തില്‍ കയറാന്‍ അറിയാത്തതും അറ്റകുറ്റപ്പണി വേണ്ടവിധം നടത്തുന്നതിന് പരിചയക്കുറവുള്ളതും ആവശ്യമായ ജീവനക്കാരുടെ ഒഴിവുകള്‍ നികത്താത്തതും പ്രശ്നപരിഹാരത്തിന് തടസ്സമാകുന്നു. പലപ്പോഴും കരാര്‍ ജീവനക്കാരാണ് ഇത്തരം പ്രവൃത്തി ഏറ്റെടുത്ത് നടത്തുന്നത്. കുട്ടനാടുപോലെ പ്രദേശത്ത് യാത്രാക്ളേശവും ഒരുപരിധിവരെ ഇത്തരം പ്രവൃത്തികള്‍ യഥാസമയം തീര്‍പ്പാക്കുന്നതിന് തടസ്സമാകുന്നു. പുളിങ്കുന്ന് താലൂക്കാശുപത്രി, ചമ്പക്കുളം, വെളിയനാട്, എടത്വ സര്‍ക്കാര്‍ ആശുപത്രികളിലും വൈദ്യുതി തടസ്സംമൂലം രാത്രി കിടപ്പുരോഗികള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. കൈനകരിയുടെ കൂടുതല്‍ ഭാഗങ്ങളും കഴിഞ്ഞ രണ്ടുദിവസമായി ഇരുട്ടിലായിരുന്നു. ചില സോളാര്‍, ഇന്‍വര്‍ട്ടര്‍ കമ്പനികളെ സഹായിക്കുന്നതിനുവേണ്ടി ഇലക്ട്രിസിറ്റി ബോര്‍ഡിലെ ചില ഉദ്യോഗസ്ഥര്‍ മന$പൂര്‍വം വൈദ്യുതി മുടക്കുന്നെന്ന ആക്ഷേപവും ഉപഭോക്താക്കള്‍ ഉന്നയിക്കുന്നുണ്ട്. നിരവധി വാഹനങ്ങള്‍ ഓടുന്ന ഗ്രാമീണ റോഡുകളിലും പി.ഡബ്ള്യു.ഡി റോഡുകളിലും വൈദ്യുതി ലൈനുകള്‍ താഴ്ന്നുകിടക്കുന്നത് അപകടം സൃഷ്ടിക്കാന്‍ കാരണമാകും. എ.സി റോഡിലെയും മറ്റ് പ്രധാന ജങ്ഷനുകളിലെയും വഴിവിളക്കുകള്‍ മാസങ്ങളായി കണ്ണടച്ചിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.