പൊഴുതനയിലെ ബ്രിട്ടീഷ് ശവകുടീരങ്ങള്‍ നാശത്തില്‍

പൊഴുതന: വിദേശ ആധിപത്യത്തിന്‍െറ ചരിത്രശേഷിപ്പായ ബ്രിട്ടീഷുകാരുടെ ശവകുടീരം കാടുകയറി നശിക്കുന്നു. പഞ്ചായത്തിലെ സ്വകാര്യ എസ്റ്റേറ്റിലാണ് ഒന്നര നൂറ്റാണ്ടിലധികം പഴക്കമുള്ള ശവക്കല്ലറയുള്ളത്. വയനാട്ടിലെ കോഫി പ്ളാന്‍റര്‍മാരായിരുന്ന ബര്‍ണസ് കുടുംബത്തിന്‍േറതാണ് ശവകുടീരങ്ങള്‍. ഒരു സ്വകാര്യ ഗ്രൂപ്പിന്‍െറ ഉടമസ്ഥതയിലുള്ള കുറിച്യര്‍മല എസ്റ്റേറ്റില്‍ കാര്‍ഗില്‍ പ്രദേശത്താണ് കല്ലറകള്‍. കല്ലറക്ക് മുകളിലെ മാര്‍ബ്ള്‍ ഫലകത്തില്‍ മരിച്ചവരുടെ പേരുകളും വര്‍ഷവും ആലേഖനം ചെയ്തിട്ടുണ്ട്. ഇംഗ്ളണ്ട് സ്വദേശി ആര്‍ച്ചര്‍ ക്ളിന്‍റണ്‍ ബര്‍ണസിന്‍െറ ഭാര്യ ജെയിന്‍ ബര്‍ണസ്, മകള്‍ എലനര്‍ ബര്‍ണസ് എന്നിവരുടെ മൃതദേഹങ്ങള്‍ ഒറ്റ കല്ലറയായുണ്ട്. 1866 ജൂണ്‍ മാസത്തിലാണ് ഇവര്‍ മരിച്ചതെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. എലനര്‍ ജൂണ്‍ 11നും ജെയിന്‍ 15നുമാണ് മരിച്ചത്. 1854 ഫെബ്രുവരിയില്‍ ജെയിനിനെ വിവാഹം ചെയ്ത ശേഷമാണ് ആര്‍ച്ചര്‍ ക്ളിന്‍റണ്‍ ബര്‍ണസ് വയനാട്ടിലെത്തിയത്. 1980കളില്‍ എസ്റ്റേറ്റില്‍ കുഴികള്‍ എടുക്കുന്നതിനിടെയാണ് തൊഴിലാളികള്‍ കല്ലറ കണ്ടത്. അന്നത്തെ എസ്റ്റേറ്റ് ജനറല്‍ മാനേജര്‍ മുന്‍കൈയെടുത്ത് ചുറ്റും വേലികെട്ടി സംരക്ഷിച്ചിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞതോടെ ആരുടെയും ശ്രദ്ധപതിയാതെ കാടുകയറി കല്ലറ നാശത്തിന്‍െറ വക്കിലായി. 1990കളില്‍ നിലവിലെ ഉടമസ്ഥര്‍ ഏറ്റെടുക്കുംമുമ്പ് കോട്ടയം സ്വദേശികളുടെ ഉടമസ്ഥതയിലായിരുന്നു എസ്റ്റേറ്റ്. കല്ലറക്ക് സമീപമായി ബര്‍ണസ് കുടുംബം താമസിച്ച ബംഗ്ളാവിന്‍െറ അവശിഷ്ടങ്ങളും ഓര്‍മയായുണ്ട്. ഈ പ്രദേശങ്ങളില്‍നിന്ന് മുമ്പ് മണ്‍പാത്രങ്ങളും കളിമണ്‍ ഉപകരണങ്ങളും ലഭിച്ചിരുന്നുവെന്ന് പഴമക്കാര്‍ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.