വയനാട്ടിലും മങ്കിപ്പനിക്ക് സാധ്യത

കല്‍പറ്റ: സംസ്ഥാനത്ത് മങ്കിപ്പനി (മങ്കി ഫീവര്‍) അഥവാ ക്യാസനോര്‍ ഫോറസ്റ്റ് ഡിസീസ് റിപ്പോര്‍ട്ട് ചെയ്തതോടെ വനപ്രദേശങ്ങള്‍ ഏറെയുള്ള വയനാട്ടിലും രോഗസാധ്യത. അതിനാല്‍ ജില്ലയിലെ ജനങ്ങള്‍ ജാഗ്രത പാലിക്കണം. കഴിഞ്ഞവര്‍ഷം നൂല്‍പുഴയില്‍ ഒരാള്‍ക്ക് മങ്കിപ്പനി ബാധിച്ചിരുന്നു. നൂല്‍പുഴ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ നടന്ന പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. അന്ന് മൂന്നു കുരങ്ങുകള്‍ രോഗം ബാധിച്ച് ചത്തിരുന്നു. കുരങ്ങുകളില്‍നിന്ന് മനുഷ്യരിലേക്ക് മങ്കിപ്പനി പടരും. വയനാടിനൊപ്പം കാസര്‍കോടും മംഗലാപുരത്തും മനുഷ്യരില്‍ രോഗം കണ്ടെത്തിയിരുന്നു. ചെങ്ങന്നൂരിലെ ഇലഞ്ഞിമേല്‍ വള്ളിക്കാവിലെ കുരങ്ങന്മാരില്‍ കഴിഞ്ഞദിവസം രോഗം കണ്ടെത്തിയിരുന്നു. വിറയലും അതിസാരവുമാണ് കുരങ്ങന്മാരിലെ രോഗലക്ഷണം. കുരങ്ങുകളുടെ ദേഹത്ത് കാണപ്പെടുന്ന ചെള്ളിലൂടെയും കുരങ്ങുകളുമായി അടുത്തിടപഴകുന്നതിലൂടെയും രോഗം മനുഷ്യരിലെത്താന്‍ സാധ്യത കൂടുതലാണ്. രോഗംബാധിച്ച കുരങ്ങുകളില്‍നിന്ന് മറ്റു മൃഗങ്ങളിലേക്കും വൈറസ് പടരുമെങ്കിലും രോഗംപിടിപെടില്ല. അതേസമയം, ഈ രോഗം മനുഷ്യരിലേക്ക് പകരുകയും ചെയ്യും. കഴിഞ്ഞതവണ നൂല്‍പുഴയില്‍ മങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തതോടെ ജില്ലയില്‍ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. നിതാ വിജയന്‍ ‘മാധ്യമ’ത്തോടു പറഞ്ഞു. മൃഗസംരക്ഷണ വകുപ്പുമായി സഹകരിച്ചാണ് നടപടികളെടുക്കുന്നത്. മങ്കിപ്പനി ബാധിച്ചവര്‍ക്ക് വാക്സിനേഷന്‍ ഗുണംചെയ്യാന്‍ സാധ്യത കുറവാണ്. ഇതിനാല്‍ ജനങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കുരങ്ങുകളുള്ള പ്രദേശങ്ങളില്‍ മേയാന്‍ പോകുന്ന കന്നുകാലികളില്‍ നിന്ന് മനുഷ്യരിലേക്ക് രോഗംപകരും. ഡെങ്കിപ്പനിക്ക് സമാനമാണ് മങ്കി ഫീവറും. കടുത്ത പനി, തലവേദന, സന്ധിവേദന എന്നിവയാണ് ലക്ഷണങ്ങള്‍. ഏറെ വനപ്രദേശങ്ങളുള്ള ജില്ലയാണ് വയനാട്. ടൗണുകളിലടക്കം നിരവധി സ്ഥലങ്ങളില്‍ കുരങ്ങുശല്യവും രൂക്ഷമാണ്. ഇതിനാല്‍ വനമേഖലയുമായി ബന്ധപ്പെടുന്നവര്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണം. വനത്തിലേക്ക് പോകുന്നവര്‍ ശരീരത്തില്‍ ലേപനങ്ങള്‍ പുരട്ടുന്നത് ഫലം ചെയ്യും. കുരങ്ങുകളുടെ ജഡങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണം. വനപ്രദേശങ്ങളില്‍ മേയാന്‍വിടുന്ന കന്നുകാലികളെ പ്രത്യേകം ശ്രദ്ധിക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.