കാട്ടാന ആക്രമണം: കൊല്ലപ്പെട്ട രജീഷിന്‍െറ കുടുംബത്തിന് നാലുലക്ഷം

സുല്‍ത്താന്‍ ബത്തേരി: കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മൂടക്കൊല്ലി രജീഷിന്‍െറ കുടുംബത്തിന് നാലുലക്ഷം രൂപയുടെ നഷ്ടപരിഹാരം. വന്യജീവിശല്യം രൂക്ഷമായ പ്രദേശത്ത് ചേലക്കൊല്ലി ശിവക്ഷേത്രം മുതല്‍ മൂടക്കൊല്ലി വഴി മണ്ണുണ്ടിവരെ വനാതിര്‍ത്തിയില്‍ 13 കിലോമീറ്റര്‍ ദൂരത്തില്‍ കല്‍മതില്‍ നിര്‍മിക്കാന്‍ 13 കോടി രൂപ അനുവദിക്കാനും തീരുമാനമായി. സുല്‍ത്താന്‍ ബത്തേരി എം.എല്‍.എ ഐ.സി. ബാലകൃഷ്ണന്‍െറ ഇടപെടലിനെ തുടര്‍ന്നാണ് വനംവകുപ്പിന്‍െറ നടപടി. പട്രോളിങ്ങിന് പുറമെ വനാതിര്‍ത്തിയില്‍ രാത്രി കാവലിന് നാലു വാച്ചര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. കഴിഞ്ഞ ഏപ്രില്‍ 11നാണ് ആനയുടെ ആക്രമണത്തില്‍ രജീഷ് കൊല്ലപ്പെട്ടത്. വയനാട് വന്യജീവി കേന്ദ്രത്തോട് ചേര്‍ന്നുകിടക്കുന്ന ശ്രീനാരായണപുരം, രണ്ടാംനമ്പര്‍, ചേമ്പുംകൊല്ലി, വട്ടത്താനി, മൂടക്കൊല്ലി, ഗാന്ധിനഗര്‍ പ്രദേശങ്ങളില്‍ വന്യജീവിശല്യം രൂക്ഷമായിട്ട് വര്‍ഷങ്ങളായി. ജനങ്ങളുടെ നിരന്തര പ്രക്ഷോഭം വനംവകുപ്പ് അധികൃതരും ജനപ്രതിനിധികളും കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. വന്യജീവികളുടെ അക്രമണത്തില്‍ നിരവധിപ്പേര്‍ വനാതിര്‍ത്തി പ്രദേശങ്ങളില്‍ മരണപ്പെട്ടിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ് ജീവച്ഛവമായി കഴിയുന്നവര്‍ വേറെയുമുണ്ട്. രജീഷ് കൊല്ലപ്പെട്ട സംഭവത്തിന് തൊട്ടുപിന്നാലെയാണ് കടുവയുടെ ആക്രമണമുണ്ടാകുന്നത്. ജനകീയ പ്രതിഷേധം പ്രക്ഷോഭമായി വളരുന്നതിനിടയിലാണ് എം.എല്‍.എയുടെ ഇടപെടല്‍. വ്യാഴാഴ്ച രാവിലെ 10ന് പൂതാടി പഞ്ചായത്ത് കുടുംബശ്രീ ഹാളില്‍ എം.എല്‍.എ സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ട്. വനം വകുപ്പ് ഉദ്യോഗസ്ഥരും പഞ്ചായത്ത്, പൊലീസ് അധികൃതരും ജനപ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.