മങ്കട ഞാറക്കാട് കോളനിയില്‍ കുടിവെള്ളം കിട്ടാക്കനി

മങ്കട: പദ്ധതികള്‍ മുന്‍ഗണനാക്രമം പാലിക്കാത്തതുമൂലം കുടിവെള്ളം കിട്ടാതെ മങ്കട ഞാറക്കാട് കോളനിക്കാര്‍ നെട്ടോട്ടമോടുന്നു. ഒരാഴ്ചയായി പ്രദേശത്ത് കുടിവെള്ളം വിതരണം മുടങ്ങിയിട്ട്. മോട്ടോര്‍ കേടായതാണ് ഇതിന് കാരണമായി പറയുന്നത്. ചിലര്‍ വിലകൊടുത്താണ് വെള്ളം വാങ്ങുന്നത്. വെള്ളമില്ലായ്മ മുതലെടുക്കാന്‍ കച്ചവടക്കാര്‍ പ്രദേശത്ത് ടെലിഫോണ്‍ നമ്പറെഴുതിയ പരസ്യ ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്. വലിപ്പത്തില്‍ ജില്ലയിലെ രണ്ടാമത്തെ പട്ടികജാതി കോളനിയാണ് ഞാറക്കാട്. ഒരുകോടി രൂപയുടെ ‘ഗാന്ധിഗ്രാം’ വികസനപദ്ധതിക്ക് വേണ്ടി ജില്ലയില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട കോളനികളിലൊന്നാണിത്. പദ്ധതിയുടെ ഉദ്ഘാടനം കഴിഞ്ഞ് ഒരു വര്‍ഷം തികയുമ്പോള്‍ റോഡരികില്‍ മതില്‍ കെട്ടിയ പ്രവൃത്തി മാത്രമാണ് നടന്നത്. ഏതാനും മീറ്റര്‍ വഴി കോണ്‍ക്രീറ്റ് ചെയ്തിട്ടുണ്ട്. കോളനിയില്‍ നൂറോളം കുടുംബങ്ങള്‍ പഞ്ചായത്തിന്‍െറ ലൈന്‍ വെള്ളമാണ് ഉപയോഗിക്കുന്നത്. രണ്ടുമാസം മുമ്പ് ഈപദ്ധതിയുടെ ബില്‍ അടക്കാത്തതിനാല്‍ വൈദ്യുതി വിച്ഛേദിക്കപ്പെടുകയും ദിവസങ്ങളോളം വെള്ളം മുടങ്ങുകയുമുണ്ടായി. കുടിവെള്ളമടക്കമുള്ള അടിസ്ഥാന ആവശ്യങ്ങള്‍ പരിഹരിക്കപ്പെടാതെയാണ് ഗാന്ധിഗ്രാം പദ്ധതിയുടെ പ്രവൃത്തികള്‍ നടക്കുന്നതെന്നും പരാതിയുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.