സ്വകാര്യ ലിമിറ്റഡ് സ്റ്റോപ് ബസുകാരുടെ കൊള്ള ഉദ്യോഗസ്ഥരുടെ ഒത്താശയോടെ

പറവൂര്‍: പറവൂര്‍-എറണാകുളം റൂട്ടില്‍ ആര്‍.ടി.എ നിര്‍ദേശപ്രകാരമുള്ള ഫെയര്‍സ്റ്റേജ് നടപ്പാക്കാതെ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ് ബസുകള്‍ അധികനിരക്ക് ഈടാക്കിവരുന്നത് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണെന്ന് ആക്ഷേപം. പറവൂര്‍-എറണാകുളം റൂട്ടില്‍ ഫെയര്‍സ്റ്റേജ് നിര്‍ണയത്തിലെ അപാകതകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബസ് പാസഞ്ചേഴ്സ് അസോസിയേഷനും മറ്റു സംഘടനകളും നടത്തിയ നിരവധി സമരങ്ങളുടെയും കോടതി ഇടപെടലുകളുടെയും ഫലമായാണ് വര്‍ഷങ്ങള്‍ക്കുശേഷം അപാകത പരിഹരിച്ച് ആര്‍.ടി.എ ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് അനുസരിച്ച് പറവൂരില്‍നിന്ന് എറണാകുളത്തേക്കുള്ള ബസ് ചാര്‍ജില്‍ നിലവിലുള്ളതിനേക്കാള്‍ മൂന്നു രൂപ കുറവുണ്ടാകും. ഈ റൂട്ടില്‍ ഇടപ്പള്ളി മേല്‍പ്പാലം വന്നതിനെ തുടര്‍ന്ന് രണ്ട് ഫെയര്‍സ്റ്റേജുകള്‍ കുറവുവന്നതാണ് ചാര്‍ജ് കുറയാന്‍ കാരണമായത്. ആര്‍.ടി.ഒ ഉത്തരവ് വന്നിട്ട് മാസങ്ങള്‍ കഴിഞ്ഞെങ്കിലും ചാര്‍ജ് കുറക്കാന്‍ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ തയാറാകുന്നില്ല. ഇതിനിടെ ലക്ഷങ്ങളാണ് അധിക ചാര്‍ജ് ഇനത്തില്‍ ബസുകാര്‍ കവര്‍ന്നെടുത്തത്. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെയാണ് ബസുകള്‍ കൊള്ള നടത്തിവരുന്നത്. അധികചാര്‍ജ് ഈടാക്കുന്നത് സംബന്ധിച്ച് യാത്രക്കാര്‍ പറവൂര്‍ ജോയന്‍റ് ആര്‍.ടി ഓഫിസില്‍ പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായില്ല. പരാതികള്‍ അവഗണിച്ചും യാത്രക്കാരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെയും ഉദ്യോഗസ്ഥര്‍ ഒഴിഞ്ഞുമാറുകയാണ്. വിവരാവകാശ നിയമമനുസരിച്ച് പറവൂരിലൂടെ കടന്നുപോകുന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ് ബസുകളുടെ എണ്ണം, യാത്രാസമയം, ട്രിപ് എന്നിവയെകുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് തൃപ്തികരമല്ലാത്ത മറുപടിയാണ് ആര്‍.ടി.ഒ നല്‍കിയത്. ബസുകാരെ സഹായിക്കാന്‍ സത്യസന്ധമായ പല കാര്യങ്ങളും ഉദ്യോഗസ്ഥര്‍ ഒളിച്ചുവെക്കുന്നു. ആര്‍.ടി.എ തീരുമാനം നടപ്പാക്കുന്നതില്‍ പരാജയപ്പെട്ടു. വന്‍ ജനരോഷമാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഉയര്‍ന്നിരിക്കുന്നത്. ബസ് ഉടമ-ഉദ്യോഗസ്ഥ അവിശുദ്ധ കൂട്ടുകെട്ടിന് യാത്രക്കാര്‍ ഇരയാകുന്നത് അംഗീകരിക്കാനാവില്ലെന്നാണ് ജനപക്ഷം. ആര്‍.ടി.എ നിര്‍ദേശിച്ചിട്ടുള്ള ഫെയര്‍സ്റ്റേജ് നടപ്പാക്കാത്ത ബസുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മുന്‍ എം.എല്‍.എയും എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറിയുമായ പി.രാജു ആവശ്യപ്പെട്ടു. ജില്ലാ ഭരണകൂടം വിഷയത്തില്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യമുന്നയിച്ചു. ബസ് മുതലാളിമാര്‍ നിയമത്തെ വെല്ലുവിളിച്ചാണ് അധികചാര്‍ജ് ഈടാക്കുന്നത്. ഉത്തരവ് വന്നിട്ടും അത് നടപ്പാക്കുന്നതില്‍ മോട്ടോര്‍ വാഹന വകുപ്പ് കാണിക്കുന്ന അനാസ്ഥയെ രാജു ചോദ്യംചെയ്തു. 30നകം ഫെയര്‍സ്റ്റേജ് കാര്യത്തില്‍ തീരുമാനം ഉണ്ടായില്ലെങ്കില്‍ പറവൂരില്‍ ലിമിറ്റഡ് സ്റ്റോപ് ബസുകള്‍ തടയുമെന്ന് രാജു മുന്നറിയിപ്പ് നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.