നിര്‍മാണമേഖല സ്തംഭിച്ചു

ആലപ്പുഴ: കുടിശ്ശികയായ ബില്‍ തുക ആവശ്യപ്പെട്ട് കരാറുകാര്‍ നടത്തിവരുന്ന അനിശ്ചിതകാല സമരംമൂലം നിര്‍മാണമേഖല സ്തംഭിച്ചു. സര്‍ക്കാറിനുവേണ്ടി നടത്തിവന്ന ജോലികളെല്ലാം നിര്‍ത്തിവെച്ചിരിക്കുകയാണ്. മണ്‍സൂണിനുമുമ്പ് പൂര്‍ത്തീകരിക്കേണ്ട ജോലികളും തടസ്സപ്പെട്ടത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. ജില്ലയില്‍ ചമ്പക്കുളത്തെ വലിയ പാലത്തിന്‍െറ നിര്‍മാണം, പഞ്ചകര്‍മ ആശുപത്രിയുടെ നിര്‍മാണജോലികള്‍ എന്നിവ തടസ്സപ്പെട്ടു. സബ്കോണ്‍ട്രാക്ട് എടുത്ത ചില ജോലികള്‍ മാത്രമാണ് ഒറ്റപ്പെട്ട് പല സ്ഥലങ്ങളിലായി നടക്കുന്നത്. പ്രശ്നപരിഹാരം ഉണ്ടാകുന്നില്ലെങ്കില്‍ ഇവയും തടസ്സപ്പെടുത്തി നിരാഹാര സമരം അടക്കം സമരപരിപാടികളിലേക്ക് പോകാനുള്ള തയാറെടുപ്പിലാണ് കരാറുകാരുടെ വിവിധ സംഘടനകള്‍. 2013 ജൂലൈ മുതലുള്ള 2400 കോടിയുടെ ബില്ലുകളാണ് കരാറുകാര്‍ക്ക് സര്‍ക്കാര്‍ കൊടുത്തുതീര്‍ക്കാനുള്ളത്. ഇതുമൂലം കരാറുകാരുടെ ആറായിരത്തില്‍ പരം അക്കൗണ്ടുകള്‍ നിഷ്ക്രിയമാക്കപ്പെട്ടെന്നാണ് അസോസിയേഷന്‍ നേതാക്കള്‍ പറയുന്നത്. ഈ മാസം രണ്ടുമുതലാണ് കരാറുകാര്‍ ജോലികള്‍ നിര്‍ത്തിവെച്ച് സമരം ആരംഭിച്ചത്. ഇതിനുശേഷം സര്‍ക്കാര്‍ 270 കോടി അനുവദിച്ചു. എന്നാല്‍, ഇതില്‍ തൃപ്തരാകാതെ സമരവുമായി മുന്നോട്ടുപോവുകയാണ്. 23നുശേഷം മന്ത്രി കെ.എം. മാണിയുടെ സൗകര്യം കണക്കിലെടുത്ത് ഉന്നതതല യോഗം വിളിക്കാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സംഘടനനേതാക്കള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. യോഗത്തില്‍ പ്രശ്നപരിഹാരം ഉണ്ടാകുമെന്ന് പ്രതീക്ഷയുണ്ടെങ്കിലും സര്‍ക്കാര്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാറിന് ഏതളവുവരെ മുന്നോട്ടുപോകാന്‍ കഴിയുമെന്നും സംശയമുണ്ട്.വലിയ തുക ബില്‍ കുടിശ്ശികയായതിനൊപ്പം നിര്‍മാണസാമഗ്രികളുടെ വിലവര്‍ധന തടയാന്‍ സര്‍ക്കാറിന്‍െറ ഭാഗത്തുനിന്ന് ഇടപെടല്‍ ഉണ്ടാകാത്തതും കരാറുകാരുടെ പ്രതിഷേധത്തിന് കാരണമാണ്. മെറ്റലിന് ക്യുബിക് അടിക്ക് നാലുരൂപയുടെയും പാറക്ക് ഒരുലോഡിന് 1000 രൂപയുടെയും വര്‍ധനയാണ് അടുത്തദിവസങ്ങളില്‍ ഉണ്ടായിരിക്കുന്നത്. നിയമം ലംഘിച്ചാണ് പല ക്വാറികളും പ്രവര്‍ത്തിക്കുന്നത്. വന്‍തുക കൈക്കൂലിവാങ്ങി ഇതിന് ഒത്താശചെയ്യുന്ന സര്‍ക്കാര്‍ വിലവര്‍ധന തടയാന്‍ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം. മണല്‍ ഉള്‍പ്പെടെ മറ്റു നിര്‍മാണവസ്തുക്കള്‍ക്കും അടിക്കടി വില വര്‍ധിപ്പിക്കുകയാണ്. കോമ്പൗണ്ട് ടാക്സിനൊപ്പം ചെറുകിട കരാറുകാര്‍ വാങ്ങല്‍ നികുതികൂടി നല്‍കണമെന്ന സര്‍ക്കാറിന്‍െറ പുതിയ നിര്‍ദേശവും പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. കൊച്ചി മെട്രോയിലെ വന്‍കിട കരാറുകാര്‍ക്ക് മാത്രമായി വര്‍ക് കോണ്‍ട്രാക്ട് ടാക്സ് ഇളവ് നല്‍കിയിരിക്കുകയാണ്. ഇതുവഴി ഖജനാവിന് 250 കോടിയുടെ നഷ്ടമാണ് ഉണ്ടാകുന്നതെന്ന് പറയുമ്പോഴും യഥാര്‍ഥ നഷ്ടം 500 കോടിക്കുമേല്‍ വരുമെന്നാണ് കണക്കുകൂട്ടുന്നത്. ഇത് പരിഹരിക്കുന്നതിനാണ് ചെറുകിട കരാറുകാരുടെ നികുതി ബാധ്യത വര്‍ധിപ്പിച്ചത്. ഇക്കാര്യത്തില്‍ പുന$പരിശോധന നടത്താമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ടെന്ന് ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് വര്‍ഗീസ് കണ്ണമ്പള്ളി പറഞ്ഞു. ഉന്നതതല യോഗത്തില്‍ അനുകൂല തീരുമാനം ഉണ്ടാകുന്നില്ലെങ്കില്‍ മുഴുവന്‍ ജോലികളും സ്തംഭിപ്പിച്ച് അനിശ്ചിതകാല നിരാഹാര സത്യഗ്രഹം ആരംഭിക്കുമെന്നും അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.