പുതിയ പദ്ധതികള്‍ മുറപോലെ; വെള്ളമുണ്ടയിലെ കിണറുകള്‍ നോക്കുകുത്തി

വെള്ളമുണ്ട: കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് കോടികളുടെ പദ്ധതികള്‍ ആവിഷ്കരിക്കുമ്പോഴും ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച നൂറുകണക്കിന് പഞ്ചായത്ത് കിണറുകള്‍ ഉപയോഗശൂന്യം. ഇവ ഉപയോഗപ്പെടുത്താന്‍ ഇതുവരെ നടപടിയുണ്ടായിട്ടില്ല. പ്രധാന ടൗണുകളിലും കുന്നുകളിലും ആദിവാസി കോളനികളിലുമായി വിവിധ കാലങ്ങളിലായി ത്രിതല പഞ്ചായത്ത് ഫണ്ടുപയോഗിച്ച് നിര്‍മിച്ച കിണറുകളാണ് ആര്‍ക്കും ഉപകാരമില്ലാതെ നശിക്കുന്നത്. വെള്ളമുണ്ട-തൊണ്ടര്‍നാട് പഞ്ചായത്തുകളില്‍ മാത്രം നൂറിലധികം കിണറുകളുണ്ട്. സാമ്പത്തിക വര്‍ഷാവസാനത്തില്‍ ഫണ്ട് തീര്‍ക്കുന്നതിനു വേണ്ടിയും മറ്റുമായി തീര്‍ത്തും അശാസ്ത്രീയമായാണ് പല കിണറുകളും നിര്‍മിച്ചത്. ആദ്യം കിണര്‍ നിര്‍മിക്കുകയും പിന്നീട് മറ്റൊരു പദ്ധതിയില്‍ വേറെ കുടിവെള്ള പദ്ധതികള്‍ ഏര്‍പ്പെടുത്തുന്നതുമാണ് ആദിവാസി കോളനികളിലെ കിണറുകള്‍ അനാഥമാവാനിടയാക്കുന്നത്. ടൗണുകളിലെ കിണറുകള്‍ സമയാസമയങ്ങളില്‍ അറ്റകുറ്റപ്പണി നടത്താത്തതിനാല്‍ വെള്ളം മലിനമാകാനിടയാകുന്നു. വെള്ളമുണ്ട പഞ്ചായത്തിലെ പ്രധാന ടൗണുകളിലെ നല്ലൊരു ശതമാനം പഞ്ചായത്ത് കിണറുകളും ഉപയോഗശൂന്യമാണ്. കോളനികളിലെ കിണറുകളാവട്ടെ പലതും മാലിന്യം നിറഞ്ഞ് ആരോഗ്യ ഭീഷണിയുയര്‍ത്തുന്നുണ്ട്. കടുത്ത വേനലില്‍ പോലും വറ്റാത്ത പല കിണറുകളും അധികൃതരുടെ അനാസ്ഥ കാരണം നശിക്കുകയാണ്. ഓരോ കാലങ്ങളിലും പുതിയ പദ്ധതികള്‍ ആവിഷ്കരിച്ച് പുതിയ കുടിവെള്ള പദ്ധതിയൊരുക്കുന്നതിന് പകരം നിലവിലെ കിണറുകള്‍ കൂടി ഉപയോഗപ്പെടുത്താന്‍ നടപടിയുണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.