കുപ്പപ്പുറം ഗവ. ഹൈസ്കൂളിന് ഇത്തവണയും നൂറുമേനി

ആലപ്പുഴ: ഒരുകാലത്ത് പരാജയത്തിന്‍െറ അപമാനഭാരം ഏറ്റുവാങ്ങേണ്ടിവന്ന കുപ്പപ്പുറം ഗവ. ഹൈസ്കൂളിന് ഇത്തവണയും നൂറുമേനി. 22 വിദ്യാര്‍ഥികള്‍ പരീക്ഷക്കിരുന്നതില്‍ മുഴുവന്‍പേരും ഉപരിപഠന യോഗ്യത നേടിയാണ് സ്കൂളിന്‍െറ അഭിമാനമുയര്‍ത്തിയത്. എല്ലാവരും വിജയിച്ചത് കൂടാതെ കുട്ടികള്‍ക്ക് കൂടുതല്‍ വിഷയങ്ങള്‍ക്ക് എ പ്ളസ് നേടാന്‍ കഴിഞ്ഞത് സ്കൂളിന്‍െറ പഠനനിലവാരം ഉയര്‍ന്നതിന് തെളിവായി. ഒരുകാലത്ത് സ്കൂളില്‍ ഒന്നോ രണ്ടോ പേരൊക്കെയാണ് ജയിച്ചിരുന്നത്. യാത്ര സൗകര്യം കുറവായതുമൂലം ഇവിടെ ജോലിചെയ്യാന്‍ അധ്യാപകരുടെ ഭാഗത്തുനിന്ന് താല്‍പര്യക്കുറവ് ഉണ്ടായതാണ് സ്കൂളിന്‍െറ നിലവാരത്തകര്‍ച്ചക്ക് വഴിവെച്ചത്. ബോട്ടില്‍ മാത്രമേ സ്കൂളിലെത്താന്‍ കഴിയു. ഒരു ബോട്ട് മുടങ്ങിയാല്‍ ദൂരെനിന്നുള്ള അധ്യാപകര്‍ക്ക് സ്കൂളിലെത്താനും മടങ്ങാനും കഴിയാതെവരും. വെള്ളപ്പൊക്കം വന്നാല്‍ സ്കൂളിലെ അധ്യയനം മുടങ്ങുന്നതും പതിവാണ്. പലപ്പോഴും പ്രദേശത്തെ അഭയാര്‍ഥി ക്യാമ്പായി പ്രവര്‍ത്തിക്കുന്നത് ഈ സ്കൂളാണ്. ഏഴുവര്‍ഷം മുമ്പ് പരീക്ഷയെഴുതിയ എല്ലാവരും തോറ്റതോടെ സ്കൂളിലേക്ക് അധികൃതരുടെ ശ്രദ്ധപതിഞ്ഞു. ഒപ്പം പി.ടി.എയും കിണഞ്ഞുപരിശ്രമിച്ചതോടെ സ്കൂളിലെ സാഹചര്യങ്ങള്‍ മെച്ചപ്പെട്ടു. സേവനസന്നദ്ധരായി അധ്യാപകരും രംഗത്തിറങ്ങിയതോടെ സ്കൂള്‍ സമ്പൂര്‍ണ പരാജയത്തില്‍നിന്ന് നൂറുമേനി വിജയത്തിലേക്ക് കുതിച്ചു. തുടര്‍ച്ചയായി അഞ്ചുവര്‍ഷവും ഈ പദവി നിലനിര്‍ത്തിയ സ്കൂളിന് കഴിഞ്ഞവര്‍ഷം ഒരു കുട്ടിയുടെ പരാജയത്തില്‍ പദവി നഷ്ടപ്പെട്ടു. പക്ഷേ, ഇത്തവണ എല്ലാവരെയും വിജയിപ്പിച്ച സ്കൂള്‍ നേട്ടം തിരിച്ചുപിടിക്കുകയായിരുന്നു. പി.ടി.എയുടെയും അധ്യാപകരുടെയും കൂട്ടായ പരിശ്രമമാണ് നേട്ടങ്ങള്‍ക്ക് കാരണമെന്ന് പ്രധാനാധ്യാപികയുടെ ചുമതല വഹിക്കുന്ന ജാന്‍സി ബിയാട്രിസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.