നിര്‍മാണത്തിലിരുന്ന വ്യാപാര പന്തല്‍ ചുഴലിക്കാറ്റില്‍ തകര്‍ന്നു

എടത്വ: ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ നിര്‍മാണത്തിലിരുന്ന കൂറ്റന്‍ വ്യാപാര പന്തല്‍ തകര്‍ന്നു. മൂന്നുപേര്‍ക്ക് പരിക്ക്. അഞ്ചുപേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. നിരവധി വാഹനങ്ങളും തകര്‍ന്നു. എടത്വ പെരുന്നാളിന് 27ന് കൊടിയേറാനിരിക്കെ വ്യാപാരശാലക്കായി ഇരുമ്പുപൈപ്പിലും ഷീറ്റിലും നിര്‍മിച്ചുകൊണ്ടിരുന്ന 25,000 ചതുരശ്ര അടി വ്യാപ്തിയുള്ള പന്തലാണ് ശക്തമായ ചുഴലിക്കാറ്റിലും കനത്തമഴയിലും ബുധനാഴ്ച വൈകുന്നേരം 4.30ഓടെ തകര്‍ന്നുവീണത്. ഈന്തപ്പഴം കച്ചവടത്തിനായി എത്തിയ ചങ്ങനാശേരി സ്വദേശികളായ സെബാസ്റ്റ്യന്‍ (75), തോമസ് നെല്ലിപ്പള്ളി, സാംബന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ എടത്വയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പന്തലിനടിയില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ തൃശൂരില്‍നിന്നെത്തിയ അഞ്ചംഗ കുടുംബം കുടുങ്ങിയെങ്കിലും ഓടിക്കൂടിയ നാട്ടുകാര്‍ കാര്‍ തള്ളിത്തുറന്ന് ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു. തൃശൂര്‍ സ്വദേശി ആലപ്പാട്ട് ജോണ്‍ (40), ഭാര്യ ജൂലി (34), മക്കളായ തെരേസ (അഞ്ച്), അല്‍ഫോണ്‍സ് (മൂന്ന്), ജൂലിയുടെ പിതാവ് ചങ്ങനാശേരി പാറക്കല്‍ സിബി (62) എന്നിവരാണ് കാറില്‍ കുടുങ്ങിയത്. പന്തലിനടിയില്‍ ഉണ്ടായിരുന്ന 24ഓളം വാഹനങ്ങള്‍ തകര്‍ന്നു. ഒരു ലോറി, മൂന്നു കാര്‍, രണ്ടു ജീപ്പ്, രണ്ട് ഓട്ടോ, 16 സ്കൂട്ടറുകള്‍ എന്നിവയാണ് തകര്‍ന്നത്. ഇതില്‍ പത്തോളം വാഹനങ്ങള്‍ പൂര്‍ണമായും തകര്‍ന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.