ആലപ്പുഴ: റെയില്‍വേ സ്റ്റേഷനില്‍ ചാരായവും നിരോധിത പുകയില ഉല്‍പന്നങ്ങളും പിടിച്ചെടുത്ത സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. ആര്‍.പി.എഫ്, റെയില്‍വേ പൊലീസ്, എക്സൈസ് വകുപ്പുകളാണ് അന്വേഷണം ആരംഭിച്ചത്. കഴിഞ്ഞ ദിവസമാണ് ധന്‍ബാദ്-ആലപ്പി എക്സ്പ്രസിന്‍െറ ജനറല്‍ കോച്ചില്‍നിന്ന് 44 ലിറ്റര്‍ ചാരായം ആര്‍.പി.എഫ് പിടിച്ചെടുത്തത്. ഏഴു കുപ്പിയിലും റബര്‍ട്യൂബിലും നിറച്ചനിലയിലായിരുന്നു ചാരായം. ലോറിയുടെ ട്യൂബിലായിരുന്നു ചാരായം നിറച്ചിരുന്നത്. 30 ലിറ്റര്‍ ചാരായം ട്യൂബിലുണ്ടായിരുന്നു. പിടിച്ചെടുത്ത ഇവ ആര്‍.പി.എഫ് ആലപ്പുഴ എക്സൈസിന് കൈമാറി. സി.ഐ കെ.പി. ജയിംസിന്‍െറ നേതൃത്വത്തിലുള്ള സംഘമാണ് ട്രെയിനിലെ ചാരായ കടത്തിനെക്കുറിച്ച് അന്വേഷിക്കുന്നത്. പാലക്കാട് ജില്ലയില്‍ റബര്‍ ട്യൂബുകളില്‍ ചാരായം കടത്തുന്ന രീതി ഉള്ളതിനാല്‍ ഇവിടെ നിന്നാണോ ട്രെയിനില്‍ ചാരായം ആലപ്പുഴയിലേക്ക് കയറ്റിയയച്ചതെന്ന് സംശയിക്കുന്നു. അതേസമയം, പിടികൂടിയ മദ്യം ഝാര്‍ഖണ്ഡ്, ബിഹാര്‍ സംസ്ഥാനങ്ങളില്‍ പ്രദേശികമായി ഉല്‍പാദിപ്പിക്കുന്ന മൗവ്വ ഇനത്തില്‍പ്പെട്ടതാണെന്നും കേരളത്തിലേക്കെത്തുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ ഇതു കടത്തിക്കൊണ്ടുവന്നതാകാമെന്ന സാധ്യതയും അധികൃതര്‍ പരിശോധിക്കുന്നുണ്ട്. മദ്യം പിടികൂടിയ ദിവസം റെയില്‍വേ സ്റ്റേഷനില്‍നിന്ന് പിടിച്ചെടുത്ത നിരോധിത പുകയില ഉല്‍പന്നങ്ങളുടെ ശേഖരം സംബന്ധിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റെയില്‍വേ പൊലീസാണ് 128 കിലോ നിരോധിത പുകയില ഉല്‍പന്നമായ ഹാന്‍സ് പിടികൂടിയത്. രണ്ട് ചാക്കുകളിലായി 12,000 പാക്കറ്റ് ഹാന്‍സാണ് പിടിച്ചെടുത്തത്. റെയില്‍വേ പൊലീസ് പിടിച്ചെടുത്ത ഉല്‍പന്നങ്ങള്‍ കോടതിയില്‍ ഹാജരാക്കി. ഈ വര്‍ഷം ഇത് നാലാം തവണയാണ് ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ വന്‍തോതില്‍ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.