പള്ളിയില്‍നിന്ന് ഓസ്തി സ്വീകരിച്ച് പോക്കറ്റിലിട്ട യുവാക്കള്‍ അറസ്റ്റില്‍

മാനന്തവാടി: പള്ളിയില്‍ കയറി കുര്‍ബാന സ്വീകരിക്കുകയും തിരുഓസ്തി വാങ്ങുകയും ചെയ്ത സംഭവത്തില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. തലശ്ശേരി പെരിങ്ങത്തൂര്‍ പട്ടതാരിതാഴെ ലിജിന്‍ (24), പാനൂര്‍ കൂരാറപാറയുള്ളതില്‍ ധിനീഷ് (23) എന്നിവരെയാണ് മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തത്. വിഷുദിനത്തിലാണ് ഇവരടക്കമുള്ള 12 അംഗസംഘം ബൈക്കുകളിലായി വിനോദസഞ്ചാരത്തിനായി മാനന്തവാടിയിലെത്തിയത്. സ്വകാര്യ ലോഡ്ജില്‍ താമസിച്ച ഇരുവരും ബുധനാഴ്ച രാവിലെ 6.45ന് മാനന്തവാടി സെന്‍റ് പോള്‍സ് ആന്‍ഡ് സെന്‍റ് പീറ്റേഴ്സ് പള്ളിയില്‍ എത്തി കുര്‍ബാനയില്‍ പങ്കെടുത്തു. വികാരി മാത്യു പെരുമാട്ടിക്കുന്നേല്‍ വിശ്വാസികള്‍ക്ക് തിരുഓസ്തി നല്‍കി. എന്നാല്‍, ഇരുവരും ഓസ്തി സ്വീകരിക്കുകയും കഴിക്കാതിരിക്കുകയും പോക്കറ്റിലിടുകയും ചെയ്തതോടെ വിശ്വാസികള്‍ക്ക് സംശയമുണരുകയും ഇരുവരെയും തടഞ്ഞുവെച്ച് പൊലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ എസ്.ഐ ഒ.കെ. പാപ്പച്ചന്‍ ഇവരെ കസ്റ്റഡിയിലെടുത്തു. പള്ളി ട്രസ്റ്റി കുളപ്പുറത്ത് സിബിയുടെ പരാതിപ്രകാരം മതവികാരം വ്രണപ്പെടുത്തിയതിന് കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു. ക്രൈസ്തവ മതവിശ്വാസമനുസരിച്ച് ആദ്യകുര്‍ബാന സ്വീകരിച്ച വിശ്വാസികള്‍ മാത്രമേ ഓസ്തി സ്വീകരിക്കാവൂ. അതേസമയം, തങ്ങള്‍ മാഹി പള്ളിയില്‍ പോകാറുണ്ടെന്നും അതുപോലെത്തന്നെയാണ് ഈ പള്ളിയിലും പോയതെന്നും മതവിശ്വാസത്തെ വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ഇരുവരും പറഞ്ഞു. ഓസ്തി എന്തുചെയ്യണമെന്ന് അറിയാത്തതിനാലാണ് പോക്കറ്റിലിട്ടതത്രെ. ലിജിന്‍ ഓട്ടോഡ്രൈവറും ധിനീഷ് അലൂമിനിയം ഫാബ്രിക്കേഷന്‍ തൊഴിലാളിയുമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.