കടുവ കെണിയില്‍ വീണില്ല; ജനം ഭീതിയില്‍

കേണിച്ചിറ: ആടിനെയും മയക്കുവെടി വിദഗ്ധനായ ഡോ. അരുണ്‍ സക്കറിയയെയും ആക്രമിച്ച കടുവയെ കെണിയില്‍ വീഴ്ത്താന്‍ കഴിഞ്ഞില്ല. കടുവയെ പേടിച്ച് ജനം പുറത്തിറങ്ങാന്‍ മടിക്കുന്ന സാഹചര്യമാണുള്ളത്. വളാഞ്ചേരി മോസ്കോകുന്നിലാണ് വനം വകുപ്പ് കൂടുകള്‍ സ്ഥാപിച്ചിട്ടുള്ളത്. രണ്ട് കൂട്ടിലും ആടിനെയാണ് ഇരയായി കെട്ടിയത്. കടുവ കെണിയില്‍ കുടുങ്ങുമെന്ന് വനം അധികൃതര്‍ പറയുമ്പോള്‍ കടുവ മോസ്കോ കുന്ന് വിട്ടതായാണ് നാട്ടുകാര്‍ പറയുന്നത്. മോസ്കോകുന്നില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെ ചേലക്കൊല്ലി ഭാഗത്ത് തിങ്കളാഴ്ച കടുവയെ കണ്ടവരുണ്ട്. എന്നാല്‍, ഇവിടെ കടുവയെ പ്രതിരോധിക്കാന്‍ ഒരു മുന്‍കരുതലും കൈക്കൊണ്ടിട്ടില്ല. ഇതിനടുത്താണ് പാപ്ളശ്ശേരി കവല. ഇവിടം ഇപ്പോള്‍ ഇരുട്ട് വീഴുംമുമ്പ് വിജനമാകും. പാമ്പ്ര സര്‍ക്കാര്‍ തോട്ടത്തിലെ മരിയനാട്, തൊപ്പിപ്പാറ, വളാഞ്ചേരി ഭാഗത്ത് കാട്ടുപന്നി, കാട്ടുപോത്ത് എന്നിവ ധാരാളമുണ്ട്. കടുവയുടെ ഇടതുകൈയിലെ പരിക്ക് ഇര തേടുന്നതിനിടയില്‍ കാട്ടുപന്നി ആക്രമിച്ചതാകാമെന്നാണ് വനയോരത്തുള്ളവര്‍ പറയുന്നത്. പരിക്കേറ്റതിനാല്‍ ഇരയെ തേടാന്‍ ബുദ്ധിമുട്ടുന്ന കടുവ വളര്‍ത്തുമൃഗങ്ങളെ തേടി എത്തുമെന്നത് ജനത്തെ ഭീതിയിലാക്കുന്നു. ഞായറാഴ്ചയാണ് കടുവ ആടിനെ ആക്രമിച്ചത്. ഇതിന്‍െറ ഇറച്ചി ഭക്ഷിച്ചിരുന്നു. അതിനാല്‍ രണ്ടോ മൂന്നോ ദിവസത്തിനുശേഷമേ വീണ്ടും ഇരതേടൂ എന്നാണ് വനം വകുപ്പിന്‍െറ നിഗമനം. വെള്ളിയാഴ്ച വരെ കൂടുകള്‍ മോസ്കോകുന്നില്‍ വെക്കാനാണ് തീരുമാനം. നാല് വാച്ചര്‍മാരാണ് കൂട് നിരീക്ഷിക്കുന്നത്. കടുവയെ കെണിയിലാക്കാന്‍ വനം വകുപ്പ് കൂടുതല്‍ സന്നാഹമൊരുക്കണമെന്നാണ് പാപ്ളശ്ശേരി, മരിയനാട്, വളാഞ്ചേരി, തൊപ്പിപ്പാറ, പരപ്പനങ്ങാടി, അഴിക്കോടന്‍ നഗര്‍, മോസ്കോകുന്ന് പ്രദേശങ്ങളിലുള്ളവരുടെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.