കോഴിക്കോട്: അത്യാധുനിക സൗകര്യങ്ങളുള്ള ബസ് വെയ്റ്റിങ് ഷെഡില്‍ പാട്ടും കേട്ടുകൊണ്ടുള്ള നഗരവാസിയുടെ കാത്തിരിപ്പ് ഓര്‍മയായി. വേനല്‍ മഴപെയ്തുതുടങ്ങിയതോടെ നഗരത്തിലെ ചോര്‍ന്നൊലിക്കുന്ന ബസ് വെയ്റ്റിങ് ഷെഡുകള്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് തീര്‍ക്കുകയാണിപ്പോള്‍. ആധുനിക സംവിധാനങ്ങളോടെ 2010ല്‍ നവീകരിച്ച് വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയ ബസ് ഷെഡുകളാണ് നോക്കുകുത്തികളായി മാറിയത്. നഗരസഭ സ്വകാര്യ പങ്കാളിത്തത്തോടെ നവീകരിച്ച ബസ് ഷെഡുകളാണ് അലങ്കോലമായത്. 2010 മേയ് 27നായിരുന്നു മാനാഞ്ചിറയിലെ ആധുനിക വൈ-ഫൈ ബസ്സ്റ്റോപ്പിന്‍െറ ഉദ്ഘാടനം. വൈ-ഫൈ സംവിധാനം ഏര്‍പ്പെടുത്തിയതിനാല്‍ മാനാഞ്ചിറ സ്റ്റോപ്പിലിരുന്ന് അത്യാവശ്യക്കാര്‍ക്ക് ഇന്‍റര്‍നെറ്റ് സംവിധാനങ്ങള്‍ ഉപയോഗിക്കാമെന്നതായിരുന്നു പ്രത്യേകത. യാത്രക്കാര്‍ക്ക് കുടിവെള്ളം, പൊലീസ് എയ്ഡ്പോസ്റ്റ്, നിരീക്ഷണ കാമറ എന്നിവയെല്ലാം ഏര്‍പ്പെടുത്തിയിരുന്നു. നഗരത്തില്‍ പല ഭാഗത്തായി സ്ഥാപിച്ച ബസ് വെയ്റ്റിങ് ഷെഡുകളില്‍ 24 മണിക്കൂറും എഫ്.എം റേഡിയോ പ്രവര്‍ത്തിപ്പിക്കാനും സംവിധാനമൊരുക്കി. പാട്ടുകേട്ട് ബസ് കാത്തിരിക്കുന്ന യാത്രക്കാര്‍ വാര്‍ത്തകളിലുമിടംപിടിച്ചു. എന്നാല്‍, മാസങ്ങള്‍ക്കകം തന്നെ എല്ലാം പഴയപടിയായി. ബസ് ഷെഡുകളില്‍ തലങ്ങും വിലങ്ങും പോസ്റ്ററുകള്‍ പതിച്ചു. രാഷ്ട്രീയക്കാരും മതസംഘടനകളും സാംസ്കാരിക സംഘങ്ങളുമെല്ലാം പോസ്റ്ററൊട്ടിക്കാന്‍ മത്സരിച്ചു. മേല്‍ക്കൂരയിലും മറ്റും പതിച്ച വിലകൂടിയ പി.വി.സി പാനലുകളും മറ്റും കൈയോടെ അടര്‍ത്തിക്കൊണ്ടുപോയി. ലൈറ്റുകളും എഫ്.എം. റേഡിയോയുടെ സ്പീക്കറും ടൈലുകളും മോഷ്ടിക്കപ്പെട്ടു. ഇരിക്കാന്‍ സ്ഥാപിച്ച ഇരുമ്പ് കസേരക്ക് മുകളില്‍ ഘടിപ്പിച്ച സ്റ്റീല്‍ പ്ളേറ്റുകള്‍ പോലും അടര്‍ത്തിക്കൊണ്ടുപോയി. കാറ്റടിച്ചും മരങ്ങള്‍ വീണും തകര്‍ന്ന മേല്‍ക്കൂര നന്നാക്കാതെയും അത്യാവശ്യ അറ്റകുറ്റപ്പണികള്‍ വൈകിയും പല ഭാഗത്തും ഷെഡുകള്‍ക്ക് നാശം നേരിട്ടു. രാത്രി വെളിച്ചത്തില്‍ മുങ്ങിനിന്നിരുന്ന ഷെഡുകള്‍ ഇപ്പോള്‍ ഓര്‍മമാത്രം. പരസ്യങ്ങളുടെ വെളിച്ചംപോലും പലേടത്തും അപ്രത്യക്ഷമായി. പ്രതീക്ഷിച്ചത്ര ലാഭകരമല്ലെന്ന നിഗമനത്തില്‍ നടത്തിപ്പുകാര്‍ക്ക് താല്‍പര്യം നിലച്ച സ്ഥിതിയാണ്. മഴ ശക്തമാകുംമുമ്പേ നന്നാക്കാനായില്ലെങ്കില്‍ നഗരത്തിന് മറ്റൊരു നാണക്കേടായി ബസ് ഷെഡുകള്‍ മാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.