കൊടുങ്ങല്ലൂര്‍ ക്ഷേത്രക്കവര്‍ച്ച:യുവാവ് പിടിയില്‍

കൊടുങ്ങല്ലൂര്‍: ശ്രീകുരുംബ ഭഗവതിക്ഷേത്രത്തിലെ കവര്‍ച്ചയുമായി ബന്ധപ്പെട്ട് നാട്ടുകാരനായ യുവാവ് പിടിയില്‍. ശൃംഗപുരം എസ്.എന്‍ തിയറ്ററിന് കിഴക്കുവശം ജന്മിക്കാട്ടില്‍ സിനോജാണ് (34) അറസ്റ്റിലായത്. മോഷ്ടിച്ചതില്‍ വലിയൊരു ഭാഗം നോട്ടുകെട്ടുകള്‍ ഇയാള്‍ കത്തിച്ചുകളഞ്ഞു. ക്ഷേത്രത്തില്‍ ഭരണിക്ക് നടവരവായി ലഭിച്ച മഞ്ഞള്‍ പ്രസാദം പുരണ്ട നോട്ടുകള്‍ പിന്തുടര്‍ന്നുള്ള അന്വേഷണമാണ് പ്രതിയുടെ അറസ്റ്റിന് വഴിതെളിയിച്ചതെന്ന് ഐ.ജി ഗോപിനാഥ് വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു. കവര്‍ച്ച ചെയ്ത പണവും സ്വര്‍ണവും വെള്ളിയും വിദേശ കറന്‍സിയും പ്രതിയുടെ വീട്ടില്‍ ശനിയാഴ്ച വൈകീട്ട് തെളിവെടുപ്പില്‍ കണ്ടെടുത്തു. രണ്ട് മോഷണക്കേസുകളില്‍ പ്രതിയായ സിനോജ് ക്ഷേത്രനടയില്‍ വന്നിരിക്കുക പതിവായിരുന്നു. ഇതിനിടെയാണ് ഭരണി വഴിപാട് സ്ട്രോങ് റൂമിലേക്ക് നീക്കുന്നത് നിരീക്ഷിച്ച് കവര്‍ച്ച ആസൂത്രണം ചെയ്തത്. ഞായറാഴ്ച രാത്രി സ്ട്രോങ്റൂം കെട്ടിടത്തിന്‍െറ പിറകിലുള്ള ബാത്ത്റൂമിന് മുകളിലൂടെയാണ് മോഷ്ടാവ് കച്ചേരി കെട്ടിടത്തില്‍ കടന്നത്. പണവും സ്വര്‍ണവും ചാക്കിലാക്കി പുലര്‍ച്ചെ മൂന്നോടെ സ്ഥലംവിട്ടു. അന്വേഷണം നടക്കുന്നതറിഞ്ഞ് പിടിക്കപ്പെടുമെന്ന് ഭയന്നാണ് പണം കത്തിച്ച് കളഞ്ഞതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. 1,26,000 രൂപ ഉപയോഗിച്ച് പറവൂര്‍ ലക്ഷ്മി ജ്വല്ലറിയില്‍ നിന്ന് ഇയാള്‍ അഞ്ച് പവന്‍െറ സ്വര്‍ണമാലയും സ്വര്‍ണ കുരിശും വാങ്ങി. ഈ വിവരം പൊലീസിന് ലഭിച്ചതോടെയാണ് പ്രതി കുടുങ്ങിയത്. ആഭ്യന്തരമന്ത്രി നിരന്തരം ഇടപെട്ട കേസാണിതെന്ന് ഐ.ജി പറഞ്ഞു. അതനുസരിച്ച് പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ച് ഊര്‍ജിത അന്വേഷണമാണ് നടത്തിയത്. കൂടുതല്‍ അന്വേഷണം തുടരുമെന്നും ഐ.ജി പറഞ്ഞു. ഐ.ജി എസ്. ഗോപിനാഥ്, റൂറല്‍ എസ്.പി എന്‍. വിജയകുമാര്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ സി.ഐ കെ.ജെ. പീറ്റര്‍, എസ്.ഐ പി.കെ. പത്മരാജന്‍, സീനിയര്‍ സി.പി.ഒമാരായ സി.ആര്‍. പ്രദീപ്, സി.കെ. ഷാജു, കെ.എ. ഹബീബ്, ഫ്രാന്‍സിസ്, രവി, ജിജോ, സഞ്ജയന്‍, ജയ്സന്‍, സി.പി.ഒമാരായ മുഹമ്മദ് അഷ്റഫ്, സൂരജ്, ഗോപി, ജോഷി എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് കേസന്വേഷിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.