കാര്‍ യാത്രക്കാരായ ദമ്പതികള്‍ക്ക് നടുറോഡില്‍ മര്‍ദനം: രണ്ടുപേര്‍ കസ്റ്റഡിയില്‍

കൊച്ചി: ഗതാഗതക്കുരുക്കിനിടെ കാറിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ദമ്പതിമാര്‍ക്ക് മര്‍ദനമേറ്റു. കാര്‍ യാത്രക്കാരായ കോഴിക്കോട് തിക്കോടി പടവലത്ത് വീട്ടില്‍ പ്രഭീഷ് (29), ഭാര്യ അനു (23) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. പരിക്കേറ്റ ഇരുവരും എറണാകുളം മെഡിക്കല്‍ സെന്‍റര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ശനിയാഴ്ച വൈകുന്നേരം ആറോടെ വാഴക്കാല ചെമ്പുമുക്കിന് സമീപത്തായിരുന്നു സംഭവം. കാക്കനാട്ടുനിന്ന് വരുകയായിരുന്ന ഇവര്‍ ചെമ്പുമുക്കിലെത്തിയപ്പോള്‍ ഗതാഗതക്കുരുക്കിനെ തുടര്‍ന്ന് ഇടതുവശത്തുകൂടെ മറ്റൊരു കാറിനെ ഓവര്‍ടേക്ക് ചെയ്തിരുന്നു. ഈ കാറിലുണ്ടായിരുന്നവര്‍ പിന്നീട് പിന്തുടര്‍ന്നെത്തി മുന്നില്‍ക്കയറുകയും അസഭ്യം വിളിക്കുകയുമായിരുന്നെന്ന് ദമ്പതിമാര്‍ പറഞ്ഞു. ഇതേ തുടര്‍ന്ന് കാറിലുണ്ടായിരുന്ന യുവാക്കള്‍ തന്നെയും ഭര്‍ത്താവിനെയും കാറില്‍ നിന്നിറക്കി മര്‍ദിക്കുകയായിരുന്നെന്ന് അനു പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇവര്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തി കാര്‍ യാത്രക്കാരായ രണ്ടു യുവാക്കളെയും കസ്റ്റഡിയിലെടുത്തത്. രാത്രി വൈകിയും പാലാരിവട്ടം പൊലീസ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.