കരോള്‍സംഘത്തെ ആക്രമിച്ചു പരിക്കേല്‍പിച്ച കേസില്‍ പ്രധാനി പിടിയില്‍

അരൂര്‍: ചന്തിരൂരില്‍ കുട്ടികളുടെ കരോള്‍സംഘത്തെ ആക്രമിച്ചു പരിക്കേല്‍പിച്ചശേഷം ഒളിവില്‍ കഴിയുകയായിരുന്ന സംഘത്തിലെ പ്രധാനി ചന്തിരൂര്‍ കൊച്ചുതുരുത്തേല്‍ സനല്‍ പീറ്ററിനെ (35) തെളിവെടുപ്പിന് സംഭവസ്ഥലത്തെത്തിച്ചു.കുത്തിയതോട് സി.ഐ അശോക്കുമാറിന്‍െറ നേതൃത്വത്തിലെ പൊലീസ് സംഘമാണ് പ്രതിയെ തെളിവെടുപ്പിന് കൊണ്ടുവന്നത്. കഴിഞ്ഞ ക്രിസ്മസ് തലേന്ന് രാത്രി കരോളുമായി ഇറങ്ങിയ മൂന്നുസംഘത്തെയാണ് സനല്‍ പീറ്ററും കൂട്ടരും ചേര്‍ന്ന് ആക്രമിച്ച് പണം പിടിച്ചുവാങ്ങിയത്. അക്രമിസംഘത്തിന്‍െറ നേതൃസ്ഥാനം സനല്‍ പീറ്ററിനായിരുന്നു. ഏഴുപേര്‍ സംഘത്തിലുണ്ടായിരുന്നെന്ന് മര്‍ദനമേറ്റവര്‍ പറഞ്ഞു. ഇതില്‍ ജയ്സണ്‍, അനൂപ് എന്നിവരെ നേരത്തേ പൊലീസ് പിടികൂടി റിമാന്‍ഡ് ചെയ്തു.നാലുപേരെ പിടികൂടാനുണ്ട്. 12പേരെ പല സ്ഥലത്തുവെച്ച് അക്രമിസംഘം ആക്രമിച്ചിരുന്നു. 13 വയസ്സും അതിനുമുകളിലും പ്രായമുള്ള കുട്ടികളുടെ സംഘമാണ് കരോളുമായി ഇറങ്ങിയിരുന്നത്. ഇതില്‍ ബ്ളോക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഉഷ അഗസ്റ്റിന്‍െറ മകന്‍ ജോസഫ് അഗസ്റ്റിനെയാണ് മൃഗീയമായി മര്‍ദിച്ചത്. തലക്ക് ഗുരുതര പരിക്കേറ്റ് ദീര്‍ഘനാളത്തെ ചികിത്സക്കുശേഷവും പൂര്‍വസ്ഥിതിയില്‍ എത്തിയിട്ടില്ല. ഒപ്പമുണ്ടായിരുന്ന ജിതിന്‍ദേവ് (17), ശ്രീജിത്ത് എന്നിവര്‍ക്കും പരിക്കേറ്റിരുന്നു. പത്തോളംപേര്‍ പ്രതികളെ ഭയന്ന് പരാതി നല്‍കിയില്ല. കുമര്‍ത്തുപടിക്ക് പടിഞ്ഞാറുഭാഗത്തെ കള്ളുഷാപ്പിന്‍െറ മുന്നിലെ പുരയിടത്തിലാണ് കുട്ടികള്‍ ആക്രമിക്കപ്പെട്ടത്. ഇവിടെയാണ് പ്രതിയെ തെളിവെടുപ്പിന് കൊണ്ടുവന്നത്. ആക്രമണത്തില്‍ പരിക്കേറ്റ ജിതിന്‍ദേവും ശ്രീജിത്തും സ്ഥലത്തെത്തി പ്രതിക്കെതിരെ മൊഴികൊടുത്തു. അക്രമം നടത്തിയ സംഘത്തെ പിടികൂടാന്‍ പൊലീസ് പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ച് അന്വേഷണം നടത്തിയിരുന്നു. സനല്‍ പീറ്ററെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ പൊലീസിനെ മത്സ്യപ്പാടത്തേക്ക് തള്ളിയിട്ട് രക്ഷപ്പെടുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.