സ്ഥാനാര്‍ഥികളും പ്രമുഖരും രാവിലെയെത്തി

തൃശൂര്‍: ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥികളും പ്രമുഖരും സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ രാവിലെത്തന്നെയെത്തി. ഇടത് സ്ഥാനാര്‍ഥി സി.എന്‍. ജയദേവന്‍ മണലൂര്‍ സെന്‍റ് തെരേസാസ് യു.പി സ്കൂളില്‍ കുടുംബസമേതം എത്തി വോട്ട് ചെയ്തു. യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.പി. ധനപാലന്‍ എറണാകുളം പറവൂര്‍ സെന്‍റ് ജെര്‍മനിയസ് എല്‍.പി സ്കൂളിലാണ് വോട്ട് ചെയ്തത്. ബി.ജെ.പി സ്ഥാനാര്‍ഥി കെ.പി. ശ്രീശന്‍ കോഴിക്കോട് ബേപ്പൂര്‍ ഗവ. ഹൈസ്കൂളില്‍ വോട്ട് ചെയ്തു. ആം ആദ്മി സ്ഥാനാര്‍ഥി സാറാ ജോസഫ് വോട്ട് ചെയ്തത് ആലത്തൂര്‍ ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന മുളങ്കുന്നത്തുകാവിലെ ‘കില’യിലാണ്. ചാലക്കുടിയിലെ ഇടത് സ്ഥാനാര്‍ഥി ഇന്നസെന്‍റ് ഇരിങ്ങാലക്കുട ഗവ. ബോയ്സ് സ്കൂളില്‍ കുടുംബത്തോടൊപ്പമാണ് വോട്ടുചെയ്യാന്‍ എത്തിയത്. യു.ഡി.എഫ് സ്ഥാനാര്‍ഥി പി.സി. ചാക്കോ എറണാകുളം സെന്‍റ് ആല്‍ബര്‍ട്ട്സ് സ്കൂളിലാണ് വോട്ട് ചെയ്തത്. ആം ആദ്മി സ്ഥാനാര്‍ഥി കെ.എം. നൂര്‍ദീന്‍ ചെന്ത്രാപ്പിന്നി എ.എല്‍.പി സ്കൂളിലും ബി.ജെ.പി സ്ഥാനാര്‍ഥി അഡ്വ. ബി. ഗോപാലകൃഷ്ണന്‍ തൃശൂര്‍ എം.ടി.ഐയിലും വോട്ട് ചെയ്തു. കോഴിക്കോട്ടെ ഇടത് സ്ഥാനാര്‍ഥി എ. വിജയരാഘവന്‍ ഭാര്യ ആര്‍. ബിന്ദുവിനൊപ്പം കേരളവര്‍മ കോളജ് ബൂത്തില്‍ വോട്ട് ചെയ്തു. പുതുക്കാട് എം.എല്‍.എ സി. രവീന്ദ്രനാഥും ഇവിടെയാണ് വോട്ട് ചെയ്തത്. പാലക്കാട്ടെ ബി.ജെ.പി സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന്‍ വടക്കാഞ്ചേരി മണലിത്തറ ജനകീയ വിദ്യാലയം ബൂത്തില്‍ വോട്ട് ചെയ്തു. ആലത്തൂരിലെ ബി.ജെ.പി സ്ഥാനാര്‍ഥി ഷാജുമോന്‍ വട്ടേക്കാട് കൊടകര വട്ടേക്കാട് തേശേരി എ.യു.പി സ്കൂളിലാണ് വോട്ട് ചെയ്തത്. മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ പൂങ്കുന്നം ഹരിശ്രീ സ്കൂളിലും തേറമ്പില്‍ രാമകൃഷ്ണന്‍ എം.എല്‍.എ, മുന്‍ മന്ത്രി കെ.പി. രാജേന്ദ്രന്‍ എന്നിവര്‍ പൂങ്കുന്നം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലും വോട്ട് ചെയ്തു. തൃശൂര്‍ അതിരൂപത ആര്‍ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തും സഹായമെത്രാന്‍ റാഫേല്‍ തട്ടിലും നടന്‍ ദേവനും സെന്‍റ് ക്ളയേഴ്സ് സ്കൂളിലെത്തി വോട്ട് രേഖപ്പെടുത്തി. ഇരിങ്ങാലക്കുട രൂപത ബിഷപ് പോളി കണ്ണൂക്കാടന്‍ മുകുന്ദപുരം ഗവ. എല്‍.പി സ്കൂളിലും കല്‍ദായ സുറിയാനി സഭ അധ്യക്ഷന്‍ മാര്‍ അപ്രേം തൃശൂര്‍ കാല്‍ഡിയന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സി.സി. ശ്രീകുമാര്‍ കേച്ചേരി ഗവ. എല്‍.പി സ്കൂളിലും തൃശൂര്‍ മേയര്‍ രാജന്‍ ജെ. പല്ലന്‍ ചെമ്പൂക്കാവ് ഹോളി ഫാമിലി സ്കൂളിലും വോട്ട് ചെയ്തു. സി.പി.എം ജില്ലാ സെക്രട്ടറി എ.സി. മൊയ്തീന്‍ പനങ്ങാട്ടുകര മുഹമ്മദ് നബി സ്കൂളിലും ഡി.സി.സി പ്രസിഡന്‍റ് ഒ. അബ്ദുറഹ്മാന്‍കുട്ടി പുന്നയൂര്‍ക്കുളം ഹിദായത്ത് ഇസ്ലാം മദ്റസയിലും ബാലസാഹിത്യകാരി സുമംഗല ഓട്ടുപാറ കൃഷിഭവനിലെ ബൂത്തിലും ചലച്ചിത്ര താരങ്ങളായ കെ.പി.എ.സി ലളിത എങ്കക്കാട് ശ്രീരാമ സ്മാരക എല്‍.പി സ്കൂളിലും കലാഭവന്‍ മണി ചാലക്കുടി ഗവ. ഗേള്‍സ് ഹൈസ്കൂളിലും സംവിധായകന്‍ സത്യന്‍ അന്തിക്കാട് അന്തിക്കാട് ജി.എല്‍.പി സ്കൂളിലുമാണ് വോട്ട് ചെയ്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.