മുന്നണികളില്‍ ഉള്‍ക്കിടിലമായി നവവോട്ടര്‍മാര്‍

കൊച്ചി: നാടും നഗരവും ഇളക്കിയുള്ള മുന്നണി സ്ഥാനാര്‍ഥികളുടെ പ്രചാരണത്തെ തുടര്‍ന്നാകാം ഇത്തവണ നഗരങ്ങളിലും ഗ്രാമങ്ങളിലും ആദ്യത്തെ ഒരു മണിക്കൂറിനിടെ കനത്ത പോളിങ്. പിന്നീടുള്ള മണിക്കൂറുകളിലും കാര്യമായ വ്യത്യാസമില്ലാതെ പോളിങ് തുടര്‍ന്നു. എറണാകുളം ലോക്സഭ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ഏഴു നിയമസഭ മണ്ഡലങ്ങളിലും ചാലക്കുടി മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ജില്ലയിലെ നാലു നിയമസഭ മണ്ഡലങ്ങളിലും ഇടുക്കി ലോക്സഭ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കോതമംഗലം, മൂവാറ്റുപുഴ നിയമസഭ മണ്ഡലങ്ങളിലും കോട്ടയം ലോക്സഭ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ജില്ലയിലെ പിറവത്തും രാവിലെ മുതല്‍ തന്നെ പല ബൂത്തുകളിലും നീണ്ട ക്യൂ കാണപ്പെട്ടു. ഏറ്റവും നീണ്ട ക്യൂ പ്രത്യക്ഷപ്പെട്ടത് പിറവം മണ്ഡലത്തില്‍ തന്നെയായിരുന്നു. മുളന്തുരുത്തി ഗവ.എച്ച്.എസ്.എസ് കാരിക്കോട് ഗവ.യു.പി.എസ് എന്നിവിടങ്ങളില്‍ സ്ത്രീകളടക്കമുള്ളവരുടെ നീണ്ട നിരയാണ് രാവിലെ എട്ടോടെ പ്രത്യക്ഷപ്പെട്ടത്. അടുത്ത രണ്ടു മണിക്കൂറുകളിലും ക്യൂ അതേപടി നിലനിന്നു. കാരിക്കോട് ഗവ.യു.പി.എസില്‍ 20 ശതമാനത്തോളം പേര്‍ ആദ്യത്തെ ഒരുമണിക്കൂറില്‍ സമ്മതിദാനാവകാശം നിര്‍വഹിച്ചു. തൃപ്പൂണിത്തുറ തെക്കുംഭാഗം ഗവ.അപ്പര്‍ പ്രൈമറി സ്കൂളിലും വന്‍തിരക്കാണ് അനുഭവപ്പെട്ടത്. ഈ മേഖലയിലെ പല പോളിങ് ബൂത്തുകളിലും സ്ത്രീ വോട്ടര്‍മാരുടെ നീണ്ട നിര എത്തിയതോടെ വോട്ടെടുപ്പും സാവധാനത്തിലായി. എറണാകുളത്ത് നവവോട്ടര്‍മാരുടെ നീണ്ട നിര പലബൂത്തുകളിലും കാണപ്പെട്ടത് സ്ഥാനാര്‍ഥികളെയും മുന്നണികളെയും ഞെട്ടിപ്പിക്കുകയും ചെയ്തു. ഇവരുടെ മനസ്സ് വായിക്കാന്‍ ഇനിയും മുന്നണികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും ഇതുവരെ കഴിയാതെ പോയി എന്നതുതന്നെ ഇതിന് കാരണം. കാക്കനാട്, തൃക്കാക്കര മേഖലകളിലെ ബൂത്തുകളിലായിരുന്നു നവവോട്ടര്‍മാരുടെ തിരക്കേറെ. കോതമംഗലം, മൂവാറ്റുപുഴ നിയോജകമണ്ഡലങ്ങളില്‍ ഉച്ചക്കുശേഷം ശരാശരി പോളിങ്ങാണ് അനുഭവപ്പെട്ടത്. പുതുപ്പാടി സെന്‍റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, മൂവാറ്റുപുഴ വി.എം പബ്ളിക് സ്കൂള്‍, കറുകക്കടം സെന്‍റ് തോമസ് സണ്‍ഡേ സ്കൂള്‍, മാതിരപ്പിള്ളി ഗവ. വി.എച്ച്.എസ്.എസ്, ഇരുമലപ്പടി സെന്‍റ് ജോസഫ് സണ്‍ഡേ സ്കൂള്‍ എന്നിവിടങ്ങളിലെ ബൂത്തുകളില്‍ ഉച്ചസമയത്ത് വിരലിലെണ്ണാവുന്നവര്‍ മാത്രമായിരുന്നു വോട്ട് ചെയ്യാനെത്തിയത്. വെയില്‍ കനത്തതോടെ പല ബൂത്തുകളിലും വോട്ട് ചെയ്യാനെത്തിയവരുടെ എണ്ണം കുത്തനെ കുറഞ്ഞു. വൈകുന്നേരം മൂന്നോടെ വീണ്ടും ബൂത്തുകള്‍ സജീവമായി. നാലോടെ സ്ത്രീകളുടെ അടക്കം വന്‍നിര പല ബൂത്തുകളിലും കണാനായി. മട്ടാഞ്ചേരി ടി.ഡി ഹൈസ്കൂള്‍, എം.എ.എസ്.എസ്്.എല്‍.പി സ്കൂള്‍ എന്നിവിടങ്ങളില്‍ വൈകുന്നേരത്തോടെ വലിയക്യൂവാണ് പ്രത്യക്ഷപ്പെട്ടത്. മട്ടാഞ്ചേരി മേഖലയില്‍ പല ബൂത്തുകളിലും സ്ത്രീകളുടെ തിരക്ക് അനുഭവപ്പെട്ടു. എന്നാല്‍, വോട്ടെടുപ്പ് അന്ത്യനിമിഷങ്ങളിലേക്ക് അടുക്കുന്നതിനിടെ പെയ്ത മഴ പലയിടത്തും വോട്ടിങ് താളംതെറ്റിച്ചു. മഴയെത്തുടര്‍ന്ന് അവസാന നിമിഷങ്ങളില്‍ പോളിങ് ശതമാനത്തില്‍ കുറവുണ്ടായി. നേരത്തേ തന്നെ വോട്ട് ചെയ്യിപ്പിച്ചതിനാല്‍ മഴ പ്രശ്നമായില്ലെന്ന് ഇരു മുന്നണി നേതൃത്വവും അവകാശപ്പെട്ടു. എറണാകുളത്ത് വൈകുന്നേരം അഞ്ചു വരെ ശരാശരി 60 ശതമാനം വരെ പോളിങ് നടന്നതായാണ് കണക്കാക്കപ്പെടുന്നത്. ചാലക്കുടിയിലും പോളിങ് ശതമാനത്തില്‍ കാര്യമായ കുറവുണ്ടായില്ല. ജില്ലയിലെ പ്രമുഖരെല്ലാം തന്നെ രാവിലെ തന്നെ ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.