കോണ്‍വെന്‍റ് ബീച്ച് പാലം: വീട്ടമ്മമാര്‍ വോട്ട് ബഹിഷ്കരിച്ച് കായലില്‍ സമരം നടത്തി

വൈപ്പിന്‍: പള്ളിപ്പുറം കോണ്‍വെന്‍റ് ബീച്ച് പാലം നിര്‍മിക്കാത്തതില്‍ പ്രതിഷേധിച്ച് ജനകീയ സമിതിയുടെ നേതൃത്വത്തില്‍ കടപ്പുറം നിവാസികള്‍ വോട്ടെടുപ്പ് ബഹിഷകരിച്ചു. വീട്ടമ്മമാര്‍ കായല്‍ സമരവും നടത്തി. ദീര്‍ഘകാലത്തെ ആവശ്യത്തോട് ഇരുമുന്നണിയും കൈക്കൊണ്ട നിഷേധാത്മക സമീപനത്തില്‍ പ്രതിഷേധിച്ചായിരുന്നു വോട്ട് ബഹിഷ്കരണവും സമരവും. ചെറായി ബീച്ചില്‍ ആറാട്ടുകടവിന് വടക്കും പള്ളിപ്പുറം ജനഹിത ബീച്ച് റോഡിലെ രവീന്ദ്രപാലത്തിന് തെക്കും ഭാഗത്തെ അഞ്ഞൂറോളം വീട്ടുകാരാണ് സമരം സംഘടിപ്പിച്ചത്. പള്ളിപ്പുറം പഞ്ചായത്ത് ഉപരോധം, സംസ്ഥാന പാത ഉപരോധം തുടങ്ങി സമരമുറകള്‍ക്ക് ശേഷമാണ് വോട്ട് ബഹിഷ്കരണ പദ്ധതിക്ക് രൂപം നല്‍കിയത്. ഇവിടെ രാഷ്ട്രീയകക്ഷികളുടെ പ്രചാരണം കുറവായിരുന്നു. കോണ്‍വെന്‍റ് കടവിലുണ്ടായിരുന്ന കടത്തുവഞ്ചി നിര്‍ത്തലാക്കാനുള്ള പഞ്ചായത്തിന്‍െറ നടപടിയിലും സമരസമിതി പ്രതിഷേധിച്ചു. വ്യാഴാഴ്ച രാവിലെ ആറോടെ നൂറോളം സ്ത്രീകള്‍ കടപ്പുറത്തെ വള്ളക്കടവിന് സമീപം കായലില്‍ കഴുത്തോളം വെള്ളത്തിലിറങ്ങിയായിരുന്നു സമരം. ഉച്ചക്ക് പന്ത്രണ്ടിന് മുനമ്പം പൊലീസ് സമരക്കാരെ കരക്ക് കയറ്റി. തുടര്‍ന്ന് സമരം സംസ്ഥാനപാതയുടെ വക്കിലേക്ക് മാറ്റി. കോണ്‍വെന്‍റ് കവലയില്‍ കുടില്‍കെട്ടി നടത്തിയ സമരം വൈകുന്നേരം ആറുവരെ നീണ്ടു. ഉച്ചഭക്ഷണം കുടിലില്‍ തന്നെ പാചകം ചെയ്താണ് സ്ത്രീകളും കുട്ടികളുമടക്കം സമരത്തില്‍ സജീവമായത്. സമരം ശക്തമാക്കാനുള്ള തയാറെടുപ്പിലാണ് ജനകീയ സമിതി പ്രവര്‍ത്തകര്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.