തീവ്രപ്രശ്നബാധിത കേന്ദ്രങ്ങളില്‍ കേന്ദ്രസേനയെ വിന്യസിക്കും

തിരുവനന്തപുരം: ജില്ലയിലെ തീവ്ര പ്രശ്നബാധിത ബൂത്തുകളില്‍ കേന്ദ്രസേനയെ വിന്യസിച്ചതായി വരണാധികാരി കൂടിയായ കലക്ടര്‍ ബിജുപ്രഭാകര്‍ അറിയിച്ചു. ജില്ലയിലാകെ 54 തീവ്ര പ്രശ്നബാധിതകേന്ദ്രങ്ങളിലായി 124 ബൂത്തുകളാണുള്ളത്. ആകെ 267 കേന്ദ്രങ്ങള്‍ പ്രശ്നബാധിതമായി കണ്ടെത്തിയിട്ടുണ്ട്. അതിന്‍െറ അടിസ്ഥാനത്തില്‍ പൂന്തുറ, അടിമലത്തുറ, ഇടയാര്‍ തുടങ്ങിയ പ്രശ്നബാധിതമേഖലകളില്‍ കലക്ടറും പൊലീസ് മേധാവിയും സംയുക്തമായി സന്ദര്‍ശനം നടത്തുകയും ജനങ്ങളുമായി ആശയവിനിമയം നടത്തുകയും ചെയ്തു. ജില്ലയിലെത്തുന്ന മൂന്ന്കമ്പനി പ്രത്യേകസേനയെ പ്രശ്നബാധിതബൂത്തുകളില്‍ വിന്യസിച്ചിട്ടുണ്ട്. അറുപതോളം മൈക്രോഒബ്സര്‍വര്‍മാര്‍, വീഡിയോഗ്രാഫര്‍മാര്‍ എന്നിവരെയും പ്രശ്നബാധിത ബൂത്തുകളില്‍ നിയോഗിക്കും. 47 ബൂത്തുകളില്‍നിന്ന് തത്സമയ വെബ്കാസ്റ്റിങ് ഉണ്ടായിരിക്കും. തെരഞ്ഞെടുപ്പിന് മുമ്പുള്ള 48 മണിക്കൂര്‍ പൂര്‍ണമദ്യനിരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലാഭരണകൂടത്തിന്‍െറ അഭ്യര്‍ഥന മാനിച്ച് കന്യാകുമാരി ജില്ലയിലെ അതിര്‍ത്തിപ്രദേശങ്ങളിലും മദ്യനിരോധം പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലാതിര്‍ത്തിയിലെ ഇരട്ടവോട്ടുള്ളവരെ കണ്ടെത്താനായി ഇരുജില്ലകളിലെയും കലക്ടര്‍മാര്‍, പൊലീസ് ചീഫുമാര്‍ സംയുക്തയോഗം ചേര്‍ന്നു. ഇരട്ടവോട്ടുള്ള ആയിരത്തിലധികം പേരെ കണ്ടെത്തിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.