തെരഞ്ഞെടുപ്പ് കാത്ത് ‘രാഷ്ട്രീയക്കാരനായ’ തമ്പുരാന്‍

മത്തേല: മൂന്നുപതിറ്റാണ്ടിന്‍െറ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്‍െറയും ആറുമാസത്തെ ജയില്‍വാസത്തിന്‍െറയും ഓര്‍മയില്‍ കൊടുങ്ങല്ലൂര്‍ വലിയ തമ്പുരാന്‍ കെ. രാമവര്‍മരാജ പൊതുതെരഞ്ഞെടുപ്പിനെ ശ്രദ്ധാപൂര്‍വം വീക്ഷിക്കുന്നു. 1940ല്‍ എറണാകുളം മഹാരാജാസ് കോളജില്‍ ബി.എസ്.സി ഫിസിക്സ് വിദ്യാര്‍ഥിയായിരിക്കുമ്പോഴാണ് രാഷ്ട്രീയത്തില്‍ ആകൃഷ്ടനായത്. അന്ന് എ.ഐ.എസ്.എഫില്‍ അംഗത്വമെടുത്ത് തുടങ്ങിയ രാഷ്ട്രീയ ജീവിതം 1970 വരെ നീണ്ടു. ഇതിനിടെ സി.പി.ഐ തൃശൂര്‍ ടൗണ്‍ കമ്മിറ്റി അംഗം, വെസ്റ്റ്ഫോര്‍ട്ട് ബ്രാഞ്ച് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 1950ലെ ഇടപ്പള്ളി പൊലീസ് സ്റ്റേഷന്‍ ആക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലാവുകയും ആറുമാസം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവ് അനുഭവിക്കുകയും ചെയ്തു. പൊലീസ് സ്റ്റേഷന്‍ ആക്രമണക്കേസിലെ ഒന്നാം പ്രതി കെ.സി. മാത്യുവിനോടൊപ്പം യാത്ര ചെയ്തതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. സംഭവത്തില്‍ തനിക്ക് പങ്കില്ലെന്ന് വലിയതമ്പുരാന്‍ പറഞ്ഞു. പണം കൊടുത്ത് സഹായിച്ചുവെന്നായിരുന്നു ആരോപണം. തന്‍െറ ബന്ധുവായ പന്തളം രാജയുടെ സുഹൃത്തായിരുന്ന കെ.സി. മാത്യു. കമ്യൂണിസ്റ്റ് നേതാവ് എന്‍.കെ. മാധവനെ മോചിപ്പിക്കാനായിരുന്നു 1950 ഫെബ്രുവരി 28ന് ഇടപ്പള്ളി പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആത്മഹത്യാ സ്ക്വാഡ് കെ.സി. മാത്യുവിന്‍െറ നേതൃത്വത്തില്‍ നടത്തിയ നീക്കം. രണ്ട് പൊലീസുകാര്‍ കൊല്ലപ്പെട്ടു. മാധവനെ മോചിപ്പിക്കാനായില്ല. ജില്ലയിലെ പ്രമുഖ നേതാ ക്കളായ കീരനും സി. ജനാര്‍ദനനും ജയിലില്‍ ഉണ്ടായിരുന്നതായി അദ്ദേഹം ഓര്‍ക്കുന്നു. ജോലി ലഭിച്ചതോടെ സജീവ രാഷ്ട്രീയത്തില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. തന്‍െറ രാഷ്ട്രീയ ചിന്തകള്‍ക്ക് മാറ്റം വന്നിട്ടില്ലെന്നും എന്നാല്‍ കൊടുങ്ങല്ലൂര്‍ വലിയതമ്പുരാന്‍ എന്ന നിലയില്‍ സമൂഹത്തിലെ സമസ്ത വിഭാഗങ്ങളോടും ഒരുപോലെ ഇടപഴകുന്നതാണ് ആത്മസംതൃപ്തി നല്‍കുന്നതെന്നും തമ്പുരാന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.