കല്‍പറ്റ: ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരു നാള്‍ മാത്രം ബാക്കി. വിവിധ കേന്ദ്രങ്ങളില്‍ പ്രചാരണത്തിന്‍െറ കൊട്ടിക്കലാശം ഇന്ന് നടക്കും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിപുലമായ സംവിധാനങ്ങളാണ് ജില്ലാ ഭരണകൂടം ഒരുക്കുന്നത്. ജില്ലാ വരണാധികാരികൂടിയായ കലക്ടര്‍ കേശവേന്ദ്രകുമാറിന്‍െറ നേതൃത്വത്തിലാണ് നടപടികള്‍. റിസര്‍വ് ഉദ്യോഗസ്ഥരടക്കം 2389 ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ചത്. ഇതില്‍ 542 പേര്‍ പ്രിസൈഡിങ് ഓഫിസര്‍മാരാണ്. 18 പ്രിസൈഡിങ് ഓഫിസര്‍മാര്‍ സ്ത്രീകളാണ്. ഇത്രയും തന്നെ ആളുകള്‍ ഒന്നാം പോളിങ് ഓഫിസര്‍മാരായും 566 പേര്‍ രണ്ടാം പോളിങ് ഓഫിസര്‍മാരായും പ്രവര്‍ത്തിക്കും. മൂന്നാം പോളിങ് ഓഫിസര്‍മാരായി 739 പേരെയാണ് തെരഞ്ഞെടുത്തത്. ഇതില്‍ 18 പേര്‍ വനിതകളാണ്. ആകെ 36 സ്ത്രീകളെ തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി തെരഞ്ഞെടുത്തിട്ടുണ്ടെങ്കിലും അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രമേ ഇവരെ പോളിങ് ബൂത്തുകളില്‍ ഡ്യൂട്ടിക്ക് നിയോഗിക്കൂ. ക്രമസമാധാന പ്രശ്നങ്ങളുണ്ടാകാന്‍ സാധ്യതയുള്ള പോളിങ് ബൂത്തുകളില്‍ മൈക്രോ ഒബ്സര്‍വര്‍മാരുടെ സാന്നിധ്യമുണ്ടാകും. 66 പേരെയാണ് ഇതിനായി നിയോഗിച്ചത്. കല്‍പറ്റ എസ്.കെ.എം.ജെ ഹൈസ്കൂള്‍, മാനന്തവാടി ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, സുല്‍ത്താന്‍ ബത്തേരി ഗവ. സര്‍വജന വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ എന്നിവിടങ്ങളില്‍ നിന്നാണ് പോളിങ് സാമഗ്രികള്‍ വിതരണം ചെയ്യുക. ബുധനാഴ്ച രാവിലെ എട്ട് മുതല്‍ പോളിങ് സാമഗ്രികള്‍ വിതരണം ചെയ്യും. പോളിങ് ഉദ്യോഗസ്ഥരെ വിവിധ ബൂത്തുകളില്‍ എത്തിക്കുന്നതിന് 83 ബസുകളും 171 ജീപ്പുകളും തയാറാക്കിയിട്ടുണ്ട്. മാവോവാദി ഭീഷണിയുള്ള സാഹചര്യത്തില്‍ വോട്ടെടുപ്പിന് കനത്ത സുരക്ഷയാണൊരുക്കിയത്. ജില്ലാ പൊലീസ് മേധാവി പുട്ട വിമലാദിത്യയുടെ നേതൃത്വത്തില്‍ 1077 സംസ്ഥാന പൊലീസ് ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ളത്. ഇവരില്‍ ഏഴ് ഡിവൈ.എസ്.പിമാരും 10 സി.ഐമാരും 86 എസ്.ഐമാരും 786 സിവില്‍ പൊലീസുകാരും ഉള്‍പ്പെടുന്നു. എന്‍.സി.സി, വിമുക്തഭടന്മാര്‍ ഉള്‍പ്പെടെയുള്ള 189 സ്പെഷല്‍ പൊലീസുകാരെയും സുരക്ഷക്കായി നിയോഗിക്കും. 80 സിവില്‍ പൊലീസ് ഉദ്യോഗസ്ഥരെ കരുതല്‍ എന്ന നിലയിലും തയാറാക്കി നിര്‍ത്തും. സി.ഐ.എസ്.എഫില്‍ നിന്ന് 140 പേരും ഇന്തോ-തിബത്തന്‍ ബോര്‍ഡര്‍ പൊലീസിലെ 100 പേരും ഉള്‍പ്പെടുന്ന കേന്ദ്രസേനയെ പ്രശ്നബാധിത ബൂത്തുകളില്‍ വിന്യസിക്കും. ആവശ്യമെങ്കില്‍ കേരള ആംഡ് പൊലീസില്‍ നിന്ന് കൂടുതല്‍ സേനാംഗങ്ങളെ ജില്ലയിലെത്തിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോങ് റൂമുകളില്‍ 24 മണിക്കൂറും സി.സി.ടി.വി നിരീക്ഷണവും കനത്ത പൊലീസ് ബന്തവസ്സും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലയിലെ എല്ലാ വില്ലേജ് ഓഫിസര്‍മാരും സെക്ടര്‍ മജിസ്ട്രേറ്റുമാരായും പ്രവര്‍ത്തിക്കും. പോളിങ് ഓഫിസര്‍മാര്‍, സ്ഥാനാര്‍ഥികള്‍ അല്ലെങ്കില്‍ ചുമതലയുള്ള ഒരു ഏജന്‍റ്, തെരഞ്ഞെടുപ്പ് കമീഷന്‍ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥര്‍, തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട മറ്റു ഉദ്യോഗസ്ഥര്‍, തെരഞ്ഞെടുപ്പ് കമീഷന്‍ നിയോഗിച്ച നിരീക്ഷകന്‍, അമ്മയോടൊപ്പമുള്ള കൈക്കുഞ്ഞ്, അന്ധരോ പരസഹായമില്ലാതെ നീങ്ങാനോ കഴിയാത്തവര്‍, വോട്ടറെക്കുറിച്ച് സംശയമുള്ളപക്ഷം പ്രിസൈഡിങ് ഓഫിസറുടെ സഹായത്തിനെത്തുന്ന ഉദ്യോഗസ്ഥര്‍ എന്നിവരൊഴികെ മറ്റാര്‍ക്കും പോളിങ് ബൂത്തില്‍ പ്രവേശമുണ്ടാകില്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.