വി.ഐ.പി സുരക്ഷയില്‍ ജനത്തിന് വഴിമുട്ടി

കോഴിക്കോട്: സോണിയ ഗാന്ധിയുടെ വരവിനെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ സുരക്ഷാ ക്രമീകരണങ്ങളില്‍ നാട് ഗതാഗതസ്തംഭനത്തില്‍ അഞ്ച് മണിക്കൂറോളം വീര്‍പ്പുമുട്ടി. കരിപ്പൂരില്‍ വിമാനമിറങ്ങി രാത്രി എട്ടോടെ രാമനാട്ടുകര ബൈപാസ് വഴി മലാപറമ്പിലെത്തി വയനാട് റോഡ് വഴിയാണ് സോണിയ ബീച്ചിലെ സമ്മേളന നഗരിയിലെത്തിയത്. ഇതിന് മണിക്കൂറുകള്‍ക്കുമുമ്പുതന്നെ ഈ വഴികളിലെല്ലാം കടുത്ത നിയന്ത്രണമേര്‍പ്പെടുത്തിയതിനാല്‍ ജനം വലഞ്ഞു.മീഞ്ചന്ത, രാമനാട്ടുകര ബൈപാസുകളും വയനാട്, കണ്ണൂര്‍ റോഡുകളും സ്തംഭിച്ചതോടെ ആയിരക്കണക്കിന് വാഹനങ്ങള്‍ വഴിയരികില്‍ കാത്തുകെട്ടിക്കിടക്കേണ്ടി വന്നു. ബൈക്കുകള്‍ക്കുപോലും പോകാന്‍ അനുമതി നല്‍കാതിരുന്നത് കടുത്ത പ്രതിഷേധത്തിന് കാരണമായി. വാഹനങ്ങള്‍ വഴിതിരിഞ്ഞുപോകാന്‍ ശ്രമിച്ചതോടെ നഗരത്തിന്‍െറ മൊത്തം ഗതാഗതത്തെ ഇത് ബാധിച്ചു. നടക്കാവ് പൊലീസ് സ്റ്റേഷനുമുന്നില്‍ വടംകെട്ടി വാഹനങ്ങള്‍ തടഞ്ഞു. വയനാട് റോഡില്‍ സിവില്‍സ്റ്റേഷന്‍, എരഞ്ഞിപ്പാലം, നടക്കാവ് ഭാഗങ്ങള്‍ അക്ഷരാര്‍ഥത്തില്‍ നിശ്ചലമായി. വെസ്റ്റ്ഹില്‍ ഹെലിപാഡില്‍ വന്നിറങ്ങുമെന്നായിരുന്നു ആദ്യം തീരുമാനിച്ചത്. ഇതിനുവേണ്ടി നേരത്തേ പൊലീസ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഹെലിപാഡും പരിസരവും ഉച്ചയോടെ എസ്.പി.ജി ഏറ്റെടുത്തു. വാഹനങ്ങള്‍ ഉച്ചക്കുമുമ്പുതന്നെ ഇതുവഴി വന്നില്ല. പിന്നീടാണ് കരിപ്പൂരിലിറങ്ങി സോണിയ വരുന്നതെന്ന വിവരം ലഭിച്ചത്.ഇതോടെ അപ്രതീക്ഷിതമായി ബൈപാസുകളിലും ദേശീയപാതകളിലും പുതിയ ക്രമീകരണം ഏര്‍പ്പെടുത്തേണ്ടി വന്നു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ച സ്ത്രീകള്‍ പെരുവഴിയില്‍ കുടുങ്ങി. റെയില്‍വേ സ്റ്റേഷനില്‍ എത്തേണ്ടവര്‍ കിലോമീറ്ററുകളോളം നടക്കേണ്ടി വന്നു. നഗരത്തിന് വി.ഐ.പി സുരക്ഷയുടെ പീഡനമവസസാനിക്കാന്‍ രാത്രി ഒമ്പതര കഴിയേണ്ടി വന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.