ഉദ്യോഗസ്ഥരെ ഇറക്കി വോട്ടുപിടിക്കേണ്ട ഗതികേട് യു.ഡി.എഫിനില്ല –ചെന്നിത്തല

കൊട്ടിയം: ഉദ്യോഗസ്ഥരെ ഇറക്കി വോട്ടുപിടിക്കേണ്ട ഗതികേട് യു.ഡി.എഫിനില്ലെന്നും ഈ വിഷയത്തില്‍ സി.പി.എം നേതാക്കള്‍ നടത്തുന്ന കള്ളപ്രചാരണം അവസാനിപ്പിക്കണമെന്നും മന്ത്രി രമേശ് ചെന്നിത്തല. യു.ഡി.എഫ് സ്ഥാനാര്‍ഥി എന്‍.കെ. പ്രേമചന്ദ്രന്‍െറ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം കൊട്ടിയത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചീഫ് സെക്രട്ടറിയും ഡി.ജി.പിയും ചേര്‍ന്ന് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് യു.ഡി.എഫിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ നിര്‍ദേശം നല്‍കിയെന്നും അതിന്‍െറ പേരില്‍ തെരഞ്ഞെടുപ്പ് കമീഷന്‍ ഉദ്യോഗസ്ഥരെ ശാസിച്ചുവെന്നുമുള്ള പ്രചാരണം അടിസ്ഥാനരഹിതമാണ്. ആര്‍.എസ്.പി കൂടി മുന്നണി വിട്ടതോടെ ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി എല്‍.ഡി.എഫ് മാറി. ആര്‍.എസ്.പി യു.ഡി.എഫിലേക്ക് വരുന്നതിനുവേണ്ടി ചര്‍ച്ചനടത്തിയത് ഒരു ഐ.പി.എസ് ഉദ്യോഗസ്ഥനാണെന്നാണ് കോടിയേരി പറയുന്നത്. ഐ.പി.എസുകാര്‍ പറയുന്ന തരത്തിലായിരുന്നോ കോടിയേരി ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ തീരുമാനങ്ങളെടുത്തിരുന്നതെന്നും അദ്ദേഹം ചോദിച്ചു. ഒന്നാം യു.പി.എ സര്‍ക്കാറിനുള്ള പിന്തുണ പ്രകാശ് കാരാട്ട് പിന്‍വലിച്ചത് എന്തിന്‍െറ അടിസ്ഥാനത്തിലാണ്. അത് തങ്ങള്‍ കാലുമാറ്റമായല്ല, രാഷ്ട്രീയ തീരുമാനമായാണ് കണ്ടത്. കേരളത്തിലും ഇന്ത്യന്‍ രാഷ്ട്രീയത്തിലും സി.പി.എമ്മിന്‍െറ സ്ഥിതി ദയനീയമാകാന്‍ പോകുകയാണ്. നേരത്തെ തയാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലല്ല ആര്‍.എസ്.പിയെ യു.ഡി.എഫിലെടുത്തത്. രാഷ്ട്രീയതീരുമാനമാണത്. ആ തീരുമാനത്തെ കേരളജനത അംഗീകരിക്കും. ലോക്സഭാ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ദേശീയ രാഷ്ട്രീയകക്ഷി എന്ന സി.പി.എമ്മിന്‍െറ പദവി നഷ്ടപ്പെടും. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് സി.ബി.ഐയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ തീരുമാനിച്ചത് വി.എസിന്‍െറ കത്തിന്‍െറ അടിസ്ഥാനത്തിലാണ്. പിന്നീട് ഇതില്‍നിന്ന് അച്യുതാനന്ദന്‍ മാറുകയാണുണ്ടായത്. വര്‍ഗീയകക്ഷികളെ തടയാന്‍ ഇടതുപക്ഷത്തിന് കഴിയില്ല. ഗുജറാത്തില്‍ കൂട്ടക്കൊല നടത്തിയ മോദി മാപ്പുചോദിക്കാനോ ഖേദം പ്രകടിപ്പിക്കാനോ തയാറായിട്ടില്ല. നരഹത്യയിലൂടെ അധികാരം ഉറപ്പിക്കാനാണ് ബി.ജെ.പിയും മോദിയും ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സുന്ദരേശന്‍പിള്ള അധ്യക്ഷതവഹിച്ചു. ഡി.സി.സി പ്രസിഡന്‍റ് ജി. പ്രതാപവര്‍മ തമ്പാന്‍, ശ്രീലാല്‍, അഡ്വ. എ. ഷാനവാസ്ഖാന്‍, പി. ജര്‍മിയാസ്, ശൂരനാട് രാജശേഖരന്‍, ഡി. വിപിനചന്ദ്രന്‍, സിസിലി സ്റ്റീഫന്‍, പത്മജാ സുരേഷ്, രതികുമാര്‍, താജുദ്ദീന്‍ ഖാലിദ്, സജി സാമുവല്‍, വാളത്തുംഗല്‍ ശ്രീരാജ്, കൊട്ടിയം സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.