പ്രധാനമന്ത്രിയെ മുന്‍കൂട്ടി തീരുമാനിക്കേണ്ട കാര്യമില്ല –സീതാറാം യെച്ചൂരി

പട്ടാമ്പി: അടുത്ത പ്രധാനമന്ത്രിയെ മുന്‍കൂട്ടി പ്രഖ്യാപിക്കേണ്ട കാര്യമില്ലെന്നും നേരത്തെ തീരുമാനിച്ചവര്‍ പ്രധാനമന്ത്രിമാര്‍ ആയിട്ടില്ലെന്നും സി.പി.എം പി.ബി അംഗം സീതാറാം യെച്ചൂരി. മേലെ പട്ടാമ്പിയില്‍ എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 1977ല്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥി എന്ന നിലയിലാണ് ഇന്ദിരാഗാന്ധി മത്സരിച്ചതെങ്കിലും പരാജയപ്പെട്ടു. പ്രധാനമന്ത്രി അല്ലാതിരുന്ന മൊറാര്‍ജി ദേശായിയാണ് അന്ന് പ്രധാനമന്ത്രിയായത്. 1996ല്‍ ദേവഗൗഡ പ്രധാനമന്ത്രി ആയതും മുന്‍കൂട്ടി പ്രഖ്യാപിച്ചായിരുന്നില്ല. ബി.ജെ.പിയും കോണ്‍ഗ്രസും ഒരേ നയവും സമീപനവുമാണ് പിന്തുടരുന്നത്. അഴിമതിയും വര്‍ഗീയതയും തഴച്ചുവളരുന്ന സാഹചര്യത്തില്‍ ഇവര്‍ക്കെതിരെ ഒരു ബദല്‍ നയവുമായാണ് ഇടതുമതേതര പാര്‍ട്ടികള്‍ മത്സരിക്കുന്നത്. പൊതുതെരഞ്ഞെടുപ്പില്‍ പ്രകടനപത്രിക പുറത്തിറക്കാത്ത ഏക പാര്‍ട്ടിയാണ് ബി.ജെ.പിയെന്നും ഹിന്ദു ഭൂരിപക്ഷ വോട്ട് ശേഖരിക്കാന്‍ ആര്‍.എസ്.എസ് ലക്ഷ്യമിടുകയാണെന്നും ഗുജറാത്ത് മോഡല്‍ സമ്പന്നര്‍ക്ക് മാത്രം പ്രയോജനപ്പെടുന്നതാണെന്നും യെച്ചൂരി കുറ്റപ്പെടുത്തി. പി.എം. വാസുദേവന്‍ അധ്യക്ഷതവഹിച്ചു. അഡ്വ. എം.എസ്. സ്കറിയ, എന്‍.പി. വിനയകുമാര്‍, ടി.കെ. നാരായണദാസ്, എന്‍. ഉണ്ണികൃഷ്ണന്‍, അഡ്വ. വി.കെ. കൃഷ്ണകുമാര്‍, സുബൈദ ഇസ്ഹാഖ്, സി. അച്യുതന്‍ എന്നിവര്‍ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.