തെരഞ്ഞെടുപ്പ് മാവോവാദി ഭീഷണിയില്‍ കലക്ടര്‍ അടിയന്തര യോഗം വിളിച്ചു; പൊലീസ് കുതിച്ചത്തെി

കല്‍പറ്റ: വോട്ടെടുപ്പിന് അഞ്ചു ദിവസം ബാക്കിനില്‍ക്കെ ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍ ജില്ലയിലെ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചു. മാവോവാദി ഭീഷണിയുടെയും തെരഞ്ഞെടുപ്പ് സുരക്ഷയുടെയും സാഹചര്യത്തിലാണ് യോഗം വിളിച്ചത്. മിന്നല്‍സന്ദേശത്തെ തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ കല്‍പറ്റയില്‍ കുതിച്ചത്തെി. വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് ടൗണ്‍ഹാളില്‍ യോഗം ചേര്‍ന്നത്. ജില്ലാ പൊലീസ് ചീഫ് പുട്ട വിമലാദിത്യ, കല്‍പറ്റ ഡിവൈ.എസ്.പി കെ.എസ്. സാബു, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി ഡിവൈ.എസ്.പിമാര്‍, സി.ഐമാര്‍ തുടങ്ങിയ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരും സംബന്ധിച്ചു. തെരഞ്ഞെടുപ്പ് ദിവസം നിയമപാലനത്തിന് വിവിധ നടപടികളാണ് പൊലീസ് സ്വീകരിക്കുന്നത്. ഗ്രൂപ് പട്രോളിങ്, ലോ ആന്‍ഡ് ഓര്‍ഡര്‍ പട്രോളിങ് എന്നിങ്ങനെ രണ്ട് സുരക്ഷാനടപടികളാണ് പ്രധാനമായും സ്വീകരിക്കുക. ഓരോ പോളിങ് സ്റ്റേഷനുള്ളിലെയും കാര്യങ്ങള്‍ വിലയിരുത്തുന്ന സംഘമാണ് ഗ്രൂപ് പട്രോളിങ് ടീം. ഇവരുടെ തലവന്‍ ഗ്രൂപ് പട്രോളിങ് ഓഫിസറായിരിക്കും. സംഘത്തിലുള്ള പൊലീസുകാര്‍ക്ക് ഇദ്ദേഹം ഡ്യൂട്ടി കാര്‍ഡ് രാവിലെതന്നെ നല്‍കണം. ഓരോ ആള്‍ക്കും ചെയ്യേണ്ട ചുമതലയെപ്പറ്റി വ്യക്തമായി വിവരിച്ചുകൊടുക്കണം. പുറത്തുനിന്നുള്ള ഏതെങ്കിലും ഇടപെടലുകളോ നിയമലംഘനമോ ഉണ്ടായാല്‍ അപ്പോള്‍തന്നെ ഇടപെടണം. ഡ്യൂട്ടി കഴിഞ്ഞാല്‍ ഡ്യൂട്ടി കാര്‍ഡ് തിരിച്ച് വാങ്ങുകയും വേണം. ഏല്‍പിക്കുന്ന ജോലിയില്‍ കീഴുദ്യോഗസ്ഥന്‍ പൂര്‍ണ തൃപ്തനാണോ എന്നും നോക്കണം. അഭിനന്ദിക്കുന്ന കാര്യത്തില്‍ പിശുക്ക് തീരെ വേണ്ട. പൊലീസ് സ്റ്റേഷന് പുറത്തുള്ള കാര്യങ്ങളാണ് ലോ ആന്‍ഡ് ഓര്‍ഡര്‍ പട്രോളിങ് ടീം നിര്‍വഹിക്കുക. ഓരോ സ്റ്റേഷന്‍െറയും ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥന്‍ ജില്ലാ പൊലീസ് ചീഫിനെയും ഇലക്ഷന്‍ കമീഷന്‍െറ ജില്ലാ വിഭാഗത്തെയും യഥാസമയം വിവരങ്ങള്‍ അറിയിക്കണം. ജില്ലയിലെ മൊത്തം സംഭവവികാസങ്ങള്‍ ക്രോഡീകരിച്ച് രണ്ടു മണിക്കൂര്‍ ഇടവിട്ട് ജില്ലയില്‍നിന്നുള്ള വിവരങ്ങള്‍ സംസ്ഥാന തലത്തിലേക്ക് പായും. അനിഷ്ട സംഭവങ്ങളുണ്ടായാല്‍ പ്രത്യേക റിപ്പോര്‍ട്ടിങ് വേറെയും നടത്തും. സി.ആര്‍.പി.എഫിന്‍െറ രണ്ട് കമ്പനി ജില്ലയില്‍ എത്തുന്നുണ്ട്. തെരഞ്ഞെടുപ്പ് ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ വനംവകുപ്പുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തും. മാവോവാദി ഭീഷണിയുടെ പശ്ചാത്തലത്തിലാണിത്. റെയ്ഞ്ച് ഓഫിസര്‍മാര്‍ മുതല്‍ വനസംരക്ഷണ സമിതിയംഗങ്ങള്‍, ആദിവാസി വാച്ചര്‍മാര്‍ എന്നിവരില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കണം. വനത്തിനുള്ളില്‍ അനിഷ്ട സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അടിയന്തരമായി മേലുദ്യോഗസ്ഥര്‍ക്ക് കൈമാറണം. പോളിങ് ഉദ്യോഗസ്ഥര്‍ക്കും സാമഗ്രികള്‍ക്കും പ്രത്യേക സംരക്ഷണം നല്‍കും. പോളിങ് കഴിഞ്ഞ് സാമഗ്രികള്‍ തിരിച്ചുകൊണ്ടുപോകുമ്പോള്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. വയനാട്ടിലെ മാവോവാദി ഭീഷണിയെക്കുറിച്ച് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.