ഗാഡ്ഗില്‍, കസ്തൂരിരംഗന്‍: സി.പി.ഐക്ക് പൊയ്മുഖം –എം.സി. സെബാസ്റ്റ്യന്‍

കേണിച്ചിറ: ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ടിനായി എല്ലാ ഒത്താശയും ചെയ്ത സി.പി.ഐ നേതാവ് ബിനോയ് വിശ്വത്തിന്‍െറ പാര്‍ട്ടിക്കാരനായ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സത്യന്‍ മൊകേരിക്കു വേണ്ടി മുന്നണി നേതാക്കള്‍ നടത്തുന്ന പ്രചാരണം കാപട്യമാണെന്നും തെരഞ്ഞെടുപ്പില്‍ സി.പി.ഐയുടെ പൊയ്മുഖം കൊഴിഞ്ഞുവീഴുമെന്നും കേരള കോണ്‍ഗ്രസ് (ജേക്കബ്) സംസ്ഥാന ജന. സെക്രട്ടറി എം.സി. സെബാസ്റ്റ്യന്‍ പറഞ്ഞു. കേണിച്ചിറ പാപ്ളശ്ശേരിയില്‍ എം.ഐ. ഷാനവാസിന്‍െറ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളുടെ പേരില്‍ എല്‍.ഡി.എഫ് ജനങ്ങളെ വിഡ്ഢികളാക്കാന്‍ ശ്രമിക്കുകയാണ്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ ലോലപ്രദേശങ്ങള്‍ ഒഴിവാക്കാനുള്ള ഉറച്ച തീരുമാനത്തിലാണ് യു.പി.എ സര്‍ക്കാര്‍. കേന്ദ്ര മന്ത്രി എ.കെ. ആന്‍റണി നല്‍കിയ ഉറപ്പ് ജനങ്ങള്‍ വിശ്വസിക്കുകയാണ്. യു.പി.എ സര്‍ക്കാര്‍ അധികാരത്തില്‍ തുടരേണ്ടത് കര്‍ഷകരുടെയും തൊഴിലാളികളുടെയും ആവശ്യമാണ്. തൊഴിലുറപ്പ് പദ്ധതിയും വിദ്യാഭ്യാസ വായ്പയും സബ്സിഡിയും ന്യൂനപക്ഷ ശാക്തീകരണവും കടം എഴുതിത്തള്ളലും ഉള്‍പ്പെടെ നിരവധി ജനക്ഷേമ പദ്ധതികള്‍ നടപ്പാക്കിയത് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാറാണ്. കേരളത്തില്‍ ഇടതുപക്ഷത്തിന്‍െറ മത്സരം വെറും രാഷ്ട്രീയ നാടകവും വര്‍ഗീയ ഫാഷിസ്റ്റുകളെ ദേശീയതലത്തില്‍ സഹായിക്കാനുമാണെന്ന് സെബാസ്റ്റ്യന്‍ കുറ്റപ്പെടുത്തി. കര്‍ഷകര്‍ ആത്മഹത്യ ചെയ്യുമ്പോള്‍ പഠനം നടത്തുകയും പെരുപ്പിച്ച് കാണിക്കുകയും ചെയ്ത ഇടതുമുന്നണി കര്‍ഷക രക്ഷാ നടപടികളൊന്നും സ്വീകരിച്ചില്ല. കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടാണ് പ്രശ്നപരിഹാരമുണ്ടാക്കിയത് -അദ്ദേഹം പറഞ്ഞു. വി.ഡി. രാജു അധ്യക്ഷത വഹിച്ചു. കെ.കെ. വിശ്വനാഥന്‍ മാസ്റ്റര്‍, പി.എം. സുധാകരന്‍, ടി. മുഹമ്മദ്, എന്‍.ആര്‍. സോമന്‍ മാസ്റ്റര്‍, രാജന്‍ പൂതാടി എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.