എക്സൈസ് വകുപ്പിന്‍െറ കണ്ടെത്തലില്‍ ദുരൂഹത -മദ്യനിരോധ സമിതി

തൃശൂര്‍: സംസ്ഥാനത്ത് നിലവാരമില്ലാത്ത 418 ബാറുകളുണ്ടെന്ന ഔദ്യാഗിക കണക്ക് സാങ്കല്‍പികമാണെന്ന എക്സൈസ് വകുപ്പിന്‍െറ കണ്ടെത്തലില്‍ ദുരൂഹതയുണ്ടെന്ന് കേരള മദ്യനിരോധ സമിതി ജില്ലാ കമ്മിറ്റി. ഇതു സംബന്ധിച്ച് സി.എ.ജി റിപ്പോര്‍ട്ടും ജസ്റ്റിസ് രാമചന്ദ്രന്‍ കമീഷന്‍ റിപ്പോര്‍ട്ടും സുപ്രീംകോടതി നിര്‍ദേശവും ഇന്നത്തെ മന്ത്രിസഭാ തീരുമാനവും വന്നശേഷം എക്സൈസ് വകുപ്പിനുണ്ടായ പുതിയ വെളിപാട് ദുരുപദിഷ്ടമണെന്ന് യോഗം ചൂണ്ടിക്കാട്ടി. നിലവാരമില്ലാത്തവക്ക് കൂടി ലൈസന്‍സ് നല്‍കാനായി എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥരെ തിരക്കിട്ട് ചുമതലപ്പെടുത്തിയ സര്‍ക്കാറിന്‍െറ നടപടിക്ക് പിന്നാലെയാണ് ഈ വെളിപ്പെടുത്തലെന്നതും സംശയാസ്പദമാണ്. 418 ബാറുകളുടെ ലൈസന്‍സ് തല്‍ക്കാലം പുതുക്കേണ്ടതില്ലെന്ന മന്ത്രിസഭാ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതോടൊപ്പം തെരഞ്ഞെടുപ്പിന് ശേഷം ഇതാദ്യം പരിഗണിക്കാനുള്ള നീക്കത്തെ ചെറുക്കുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി. ഇത്തരം ബാറുകള്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി സി.സി. സാജന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് കെ.വി. രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എം.ഡി. ഗ്രേസ്, ഇ.എ. ജോസഫ്, കെ.എ. ഗോവിന്ദന്‍, കെ.കെ. ജോസ്, പി.കെ. മനോഹരന്‍, കെ.സി. പ്രേമന്‍, ടി.എന്‍. നമ്പീശന്‍, ഗബ്രിയേല്‍ കൊടുങ്ങല്ലൂര്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.