കനാല്‍വഴി ജലവിതരണം തുടങ്ങി; പമ്പിങ് കുറഞ്ഞു

തൃശൂര്‍: വേനല്‍ കടുത്തതോടെ അണക്കെട്ടുകളിലെ ജലനിരപ്പ് താഴ്ന്നു. രണ്ടാഴ്ചയായി ജലവിതരണം കാര്യക്ഷമമാക്കിയതോടെ പീച്ചിയിലെയും വാഴാനിയിലെയും ജലനിരപ്പ് കുത്തനെ താഴ്ന്നു. പീച്ചിയിലെ ജലനിരപ്പ് 67.12 അടിയാണ്. കഴിഞ്ഞ വര്‍ഷം ഈസമയത്ത് ഇത് 65.63 അടിയായിരുന്നു. വാഴാനി ഡാമിലെ ജലനിരപ്പ് 50.57 അടിയാണ്. കഴിഞ്ഞ വര്‍ഷം ഇത് 46.51 ആയിരുന്നു. ചിമ്മിനി ഡാമിലെ ജലനിരപ്പ് 66.60 അടിയാണ്. കഴിഞ്ഞവര്‍ഷം 63.70 അടിയായിരുന്നു. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ജലവിതരണം ആരംഭിച്ചിരുന്നു. അതിനാലാണ് ഈവര്‍ഷം വെള്ളത്തിന്‍െറ അളവ് കൂടുതലായി കാണുന്നത്. ഈവര്‍ഷം ഫെബ്രുവരി മധ്യത്തോടെയാണ് ജലവിതരണം ആരംഭിച്ചത്. ഈമാസം പകുതിയാകുന്നതോടെ ജലനിരപ്പ് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ താഴുമെന്ന് അധികൃതര്‍ പറഞ്ഞു. ജില്ലയിലേക്കുള്ള കുടിവെള്ള വിതരണവും കിഴക്കന്‍ ഭാഗത്തേക്കുള്ള ജലസേചനവും പീച്ചി ഡാമിനെ ആശ്രയിച്ചാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ മഴ ലഭിച്ചതിനാല്‍ ജലനിരപ്പ് ഉയര്‍ന്നിരുന്നു. എന്നാല്‍, വേനല്‍മഴ കിട്ടാതെ വന്നതോടെ ഇത്തവണ കനാലുകളിലേക്ക് കൂടുതല്‍ വെള്ളം തുറന്ന് വിടേണ്ടിവന്നു. ഡാമിലെ ജലനിരപ്പ് താഴ്ന്നതോടെ ഇത് കുടിവെള്ള വിതരണത്തെയാണ് ബാധിക്കുന്നത്. പമ്പിങ് നടത്തുമ്പോള്‍ ലഭിക്കുന്ന വെള്ളത്തിന്‍െറ അളവില്‍ കാര്യമായ വ്യതിയാനം കാണിക്കുന്നതായി വാട്ടര്‍ അതോറിറ്റി അധികൃതര്‍ പറഞ്ഞു. ജില്ലയുടെ പടിഞ്ഞാറന്‍ ഭാഗത്തേക്കുള്ള ജലവിതരണം മാര്‍ച്ച് അവസാനത്തോടെ താളംതെറ്റി. പീച്ചി, വാഴാനി ഡാമുകളില്‍ നിന്ന് കനാലിലേക്ക് വെള്ളം തുറന്നുവിട്ടിട്ടുണ്ട്. ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ വെള്ളക്ഷാമത്തിന് ഇത് പരിഹാരമായിട്ടുണ്ട്. വാഴാനി ഡാമില്‍ നിന്നുള്ള ജലവിതരണവും കാര്യക്ഷമമാക്കിയിട്ടുണ്ട്. പീച്ചി ഡാമില്‍ നിന്ന് കനാലിലേക്ക് മാസത്തില്‍ ഒരാഴ്ചയാണ് വെള്ളം തുറന്നുവിടുന്നത്. ചിമ്മിനി ഡാമില്‍ നിന്ന് പുഴയിലേക്ക് ഉടന്‍ വെള്ളം തുറന്നുവിടേണ്ടിവരും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.