ഇടവെട്ടി ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയില്‍ ക്രമക്കേട്

തൊടുപുഴ: ഇടവെട്ടി ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയില്‍ ക്രമക്കേട് കണ്ടെത്തി. തൊഴിലാളിയായ സരസ്വതി മണി ജോലിക്ക് ഹാജരാകാതെ മസ്റ്റര്‍ റോളില്‍ ഹാജര്‍ രേഖപ്പെടുത്തി തൊഴില്‍ കൂലി തട്ടിയെടുക്കാന്‍ ശ്രമിച്ചതായി ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് ഓംബുഡ്സ്മാന്‍ ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കുകയായിരുന്നു. സരസ്വതി മണിയെ ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍നിന്ന് അഞ്ചു വര്‍ഷത്തേക്ക് വിലക്കുകയും 250 രൂപ പിഴയടക്കാന്‍ വിധിക്കുകയും ചെയ്തതായി ഇടവെട്ടി പഞ്ചായത്ത് പ്രസിഡന്‍റ് ജസീല ലത്തീഫ് അറിയിച്ചു. കൂടാതെ ഹാജരാകാതെ ഒപ്പ് രേഖപ്പെടുത്തിയ ആറു ദിവസത്തെ വേതനം തടഞ്ഞുവെക്കാനും ഉത്തരവിട്ടിട്ടുണ്ട്. ക്രമക്കേടിന് കൂട്ടുനിന്ന തൊഴിലുറപ്പ് മേറ്റായ വി.ആര്‍. സുമം തൈപ്പറമ്പിലിനെ ചുമതലകളില്‍നിന്ന് നീക്കാനും അടുത്ത അഞ്ചു വര്‍ഷത്തേക്ക് പരിഗണിക്കാന്‍ പാടില്ലെന്നും ഉത്തരവിട്ടു. അതേസമയം തിങ്കളാഴ്ച തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തില്‍ വേതനം ആവശ്യപ്പെട്ട് ഇടവെട്ടി പഞ്ചായത്ത് ഓഫിസിന് മുന്നില്‍ നടത്തിയ ഉപരോധം രാഷ്ട്രീയ പ്രേരിതമാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജസീല ലത്തീഫും പ്രസിഡന്‍റിന്‍െറ പ്രസ്താവന ഭരണസമിതിയുടെ വീഴ്ച മറയ്ക്കാന്‍ പറ്റാത്തതിലുള്ള ജാള്യം മൂലമാണെന്ന് പ്രതിപക്ഷാംഗങ്ങളും ആരോപിച്ചു. ഇടവെട്ടി പഞ്ചായത്തില്‍ കുടിശ്ശിക ഇനത്തില്‍ 47 ലക്ഷം രൂപ നല്‍കാനുള്ളത് വാസ്തവമാണെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് ജസീല ലത്തീഫ് പറഞ്ഞു. സംസ്ഥാനത്ത് 1727 കോടിയും ജില്ലയില്‍ 47 കോടിയുടെയും കുടിശ്ശികയുള്ളപ്പോള്‍ ഇടവെട്ടിയില്‍ കുറഞ്ഞ ശതമാനത്തിലാണ് കുടിശ്ശിക. ഇക്കാര്യത്തില്‍ പഞ്ചായത്തിന്‍െറ അലംഭാവം ഒന്നുംതന്നെ ഉണ്ടായിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ തുക അനുവദിച്ചാലേ തൊഴിലാളികളുടെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാന്‍ കഴിയൂ. വസ്തുത ഇതായിരിക്കെ പഞ്ചായത്തില്‍ എത്തിച്ചേര്‍ന്നവരെ ബുദ്ധിമുട്ടിച്ചത് നീതീകരിക്കാനാകില്ല. സി.പി.എം മെംബറുടെ നേതൃത്വത്തില്‍ നടത്തിയ സമര പ്രഹസനം തെരഞ്ഞെടുപ്പ് വേളയിലെ രാഷ്ട്രീയ നാടകമാണെന്നും പഞ്ചായത്ത് പ്രസിഡന്‍റ് ആരോപിച്ചു. പഞ്ചായത്ത് ഓഫിസിന്‍െറ പ്രവര്‍ത്തനം തടസ്സപ്പെടുത്തിയതില്‍ പൊലീസിന് വീഴ്ച പറ്റിയത് അന്വേഷിക്കണമെന്നും ജസീല ലത്തീഫ് ആവശ്യപ്പെട്ടു. എന്നാല്‍, തൊടുപുഴ, ഇളംദേശം ബ്ളോക് പഞ്ചായത്തിന് കീഴിലുള്ള മിക്ക പഞ്ചായത്തിലും ഫെബ്രുവരി വരെയുള്ള വേതനം നല്‍കുമ്പോഴും ഇടവെട്ടി പഞ്ചായത്തില്‍ നവംബര്‍ മുതല്‍ വേതനം നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷാംഗങ്ങള്‍ ആരോപിക്കുന്നു. സാമ്പത്തിക വര്‍ഷം കരംപിരിവ് 50 ശതമാനം പോലും പിരിച്ചെടുക്കാന്‍ കഴിയാത്തത് രണ്ടു മണിക്കൂര്‍ നേരത്തെ തൊഴിലുറപ്പ് തൊഴിലാളികളുടെ സമരം മൂലമാണെന്ന പ്രസിഡന്‍റിന്‍െറ ആക്ഷേപം അപഹാസ്യമാണെന്നും പ്രതിപക്ഷാംഗങ്ങള്‍ ആരോപിച്ചു. ഭരണപരമായ വീഴ്ച മറച്ചുവെക്കാനാണ് തൊഴിലാളികളുടെ സമരത്തെ ആക്ഷേപിച്ച് പ്രസിഡന്‍റ് രംഗത്ത് വന്നതെന്നും എല്‍.ഡി.എഫ് മെംബര്‍മാര്‍ കുറ്റപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.