വിലയിടിവില്‍ തകര്‍ന്ന കര്‍ഷകമണ്ണിലൂടെ മാത്യു ടി. തോമസ്

കോട്ടയം: റബര്‍ വിലയിടിവില്‍ തകര്‍ന്നുപോയ കര്‍ഷകമണ്ണിലൂടെയായിരുന്നു എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മാത്യു ടി. തോമസിന്‍െറ ചൊവ്വാഴ്ചത്തെ പ്രയാണം. പാലാ നിയോജക മണ്ഡലത്തിലെ എലിക്കുളം, മീനച്ചില്‍, കൊഴുവനാല്‍, മുത്തോലി,രാമപുരം പഞ്ചായത്തുകളില്‍ ഒരുക്കിയ സ്വീകരണകേന്ദ്രങ്ങള്‍ വന്‍ ജനപങ്കാളിത്തമായിരുന്നു. രാവിലെ എട്ടിന് എലിക്കുളം പഞ്ചായത്തിലെ ഇരുമ്പുകുത്തിയില്‍ എന്‍.സി.പി സംസ്ഥാന ട്രഷറര്‍ മാണി സി. കാപ്പന്‍ പര്യടനം ഉദ്ഘാടനം ചെയ്തു. സ്ഥാനാര്‍ഥിയെ കാത്ത് നിരവധിയാളുകള്‍ റോഡരികില്‍ നിലയുറപ്പിച്ചിരുന്നു. ആളുറുമ്പിലേക്ക് എത്തിയപ്പോള്‍ ഓട്ടോകളും ഇരുചക്ര വാഹനങ്ങളും സ്ഥാനാര്‍ഥിയുടെ വാഹനത്തിന് അകമ്പടി സേവിച്ചു. താള വാദ്യമേളങ്ങളും കൊഴുപ്പേകി. പാറക്കുളത്തുനിന്ന് മല്ലികശേരിക്ക് മൂന്ന് കി.മീ. യാത്രക്കിടെ രാവിലെ 11ന് കൈയില്‍ കരുതിരുന്ന പൊറോട്ടയും സാമ്പാറും പ്രഭാതഭക്ഷണമായി. പിന്നീട് എലിക്കുളം പഞ്ചായത്ത് അതിര്‍ത്തിയായ പൈക ആശുപത്രിപ്പടിയില്‍ കരി മരുന്നിന്‍െറയും ചെണ്ടമേളത്തിന്‍െറയും കാതടപ്പിക്കുന്ന ശബ്ദത്തിനിടയില്‍ മുദ്രാവാക്യം വിളികളോടെയാണ് വരവേറ്റത്. രാജീവ് കോളനിയില്‍ സ്ഥാനാര്‍ഥി എത്തിപ്പോള്‍ സരിത,സലിംരാജ് വിഷയങ്ങളിലൂടെ ഹാസ്യരൂപേണ കലാമണ്ഡലം അനില്‍കുമാര്‍ ഓട്ടന്തുള്ളല്‍ അവതരിപ്പിച്ചാണ് സ്വീകരിച്ചത്. നട്ടുച്ചക്ക് മീനച്ചിലിന്‍െറ കേന്ദ്രത്തിലേക്ക് എത്തിയ സ്ഥാനാര്‍ഥിക്ക് തണുക്കാന്‍ ജൂബിന്‍െറ വക ഓറഞ്ചുമാല സമ്മാനമായി കിട്ടി. പിന്നീട് കൊഴുവനാല്‍ പഞ്ചായത്തിന്‍െറ വിവിധകേന്ദ്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി. മുത്തോലി പഞ്ചായത്തിലും രാമപുരത്തും ഉച്ചവെയിലിനെ മറന്ന് ജനങ്ങള്‍ സ്വീകരണകേന്ദ്രത്തിലെത്തി. സ്ഥാനാര്‍ഥിയോടൊപ്പം മാണി സി. കാപ്പന്‍, ലാലിച്ചന്‍ ജോര്‍ജ്, ആര്‍.ടി. മധുസൂദനന്‍, മുന്‍ മന്ത്രി എന്‍.എം. ജോസഫ്, കെ.കെ. ഗിരീഷ്, വി.ജി. വിജയകുമാര്‍, ബാബു കെ. ജോര്‍ജ്,അഡ്വ.പി.ആര്‍. തങ്കച്ചന്‍, പി.കെ.ഷാജുകുമാര്‍, ഷാജി വെള്ളാപ്പാട്ട്, സോജന്‍ ഇല്ലിമൂട്ടില്‍, സിബി തോട്ടുപുറം, കെ.എസ്. രമേഷ് ബാബു, ഒസേപ്പച്ചന്‍ തകിടിയേല്‍, ക്ളീറ്റസ് ഇഞ്ചിപ്പറമ്പില്‍ എന്നിവര്‍ ഉണ്ടായിരുന്നു. അനില്‍ മത്തായി, കെ.എസ്.അജയകുമാര്‍, പയസ് രാമപുരം, കെ.കെ.ഗിരീഷ് കുമാര്‍,ജോസ് കുറ്റിയാനി മറ്റം, ടി.എസ്. സുരേഷ്, എ.ജി. രാജപ്പന്‍ എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.