പാടത്തെ പെണ്‍കരുത്തില്‍ വിളഞ്ഞത് നൂറുമേനി

മുഹമ്മ: പ്രഥമസംരംഭത്തില്‍തന്നെ നേട്ടങ്ങള്‍ കൊയ്ത് മുഹമ്മയിലെ പെണ്‍കൂട്ടായ്മ. മുഹമ്മ പഞ്ചായത്ത് മൂന്നാംവാര്‍ഡ് കായിപ്പുറം പൗര്‍ണമി കൃഷിസംഘമാണ് പച്ചക്കറി-പഴവര്‍ഗ-കിഴങ്ങ് കൃഷിയില്‍ നൂറുമേനി കൊയ്തത്. മുഹമ്മ സി.ഡി.എസിന്‍െറ കീഴില്‍ പ്രവര്‍ത്തിക്കുന്ന സംഘം ഒന്നേകാല്‍ ഏക്കര്‍ പാടത്തും കരയിലുമായാണ് കൃഷിചെയ്തത്. 50സെന്‍റ് പാടശേഖരത്തില്‍ പച്ചക്കറി കൃഷിയിറക്കി. മുക്കാല്‍ ഏക്കര്‍ കരയിലാണ് വാഴയും കിഴങ്ങും കൃഷിചെയ്തത്. ചേന, ചേമ്പ്, ഇഞ്ചി, കാച്ചില്‍, ചീര, പടവലം, പയര്‍, വെണ്ട, വെള്ളരി തുടങ്ങി എല്ലാ കിഴങ്ങ്-പച്ചക്കറികളും തണ്ണിമത്തനും നൂറുമേനി വിളയിക്കാനായി. കൃഷിഭവനില്‍നിന്നാണ് വിത്തും വളവും വാങ്ങിയത്. ചാവുവെളിയില്‍ രേണുക, നികര്‍ത്തില്‍ സുജാത എന്നിവരാണ് നേതൃത്വം നല്‍കുന്നത്. വിവിധ കുടുംബശ്രീകളിലെ അംഗങ്ങളായ ശാസ്താങ്കല്‍ സുലഭ, പീടികവെളി ഗീത, ചെറുകാത്തറ വെളി ബീന, ഗീത, ശാസ്താങ്കല്‍ കാഞ്ചന ഉള്‍പ്പെടെ ഏഴംഗ സംഘമാണ് കൃഷിക്ക് മേല്‍നോട്ടം വഹിക്കുന്നതും പരിചരിക്കുന്നതും. കഴിഞ്ഞദിവസം മൂവായിരത്തില്‍പ്പരം രൂപയുടെ പച്ചക്കറികള്‍ വില്‍ക്കാനായി. വരുംദിവസങ്ങളില്‍ വാഴയും കിഴങ്ങും വിളവെടുക്കും. പാടത്ത് സ്ത്രീകള്‍ കുഴിച്ച കുളത്തില്‍നിന്നാണ് കൃഷിക്കാവശ്യമായ വെള്ളം എടുത്തത്. പഞ്ചായത്തംഗം സുലേഖ ശശിലാല്‍, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ഷൈലജ ചന്ദ്രന്‍, പഞ്ചായത്ത് പ്രസിഡന്‍റ് ദീപ അജിത്കുമാര്‍, കൃഷി ഓഫിസര്‍ ജൂലി എന്നിവരുടെ സഹായങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ചെന്നും പൗര്‍ണമി അംഗങ്ങള്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.