വി.എസ് ആരും എടുക്കാത്ത കാലണത്തുട്ട് -ചെന്നിത്തല

ചേലക്കര: അച്യുതാനന്ദന്‍ ആരും എടുക്കാത്ത കാലണത്തുട്ടാണെന്ന് മന്ത്രി രമേശ് ചെന്നിത്തല. ആലത്തൂര്‍ ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.എ. ഷീബയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടി.പി വധം സി.ബി.ഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് പറഞ്ഞ് കത്ത് നല്‍കിയ അച്യുതാനന്ദന്‍ പാര്‍ട്ടിയുടെ കോടതിയാണ് ശരിയെന്നാണ് ഇപ്പോള്‍ പറയുന്നത്. ചെന്നിത്തലയുടെ ജില്ലയിലെ ആദ്യ പ്രചാരണ പരിപാടിയില്‍ നരേന്ദ്രമോദിയെ നിശിതമായി വിമര്‍ശിച്ചുകൊണ്ടായിരുന്നു പ്രസംഗത്തിന് തുടക്കം. വര്‍ഗീയത ആളിക്കത്തിച്ച് അധികാരം കൈയടക്കാനാണ് മോദി ശ്രമിക്കുന്നത്. നേരത്തെ ബി.ജെ.പിയുടെ പിന്‍സീറ്റ് ഡ്രൈവിങ്ങായിരുന്നു ആര്‍.എസ്.എസ് എങ്കില്‍ ഇപ്പോള്‍ മുന്‍ സീറ്റ് ഡ്രൈവിങ്ങാണ് നടത്തുന്നത്. മതേതരത്വം തകര്‍ക്കുന്ന മോദി ആധുനിക ഹിറ്റ്ലര്‍ ആണെന്നും രമേശ് പറഞ്ഞു. പിണറായി ഇപ്പോഴും ജനവികാരമറിയാത്ത പാവമാണെന്നും സി.പി.എമ്മിന്‍െറ തെറ്റായ നയമാണ് മറ്റു കക്ഷികള്‍ മുന്നണി വിട്ടുപോരാന്‍ കാരണമെന്നും ചെന്നിത്തല പറഞ്ഞു. അഞ്ചുവര്‍ഷമായി വെറും ചിരി മാത്രം സമ്മാനിച്ചയാളാണ് പി.കെ. ബിജു. അതിനാല്‍ വികസനം കൊണ്ടുവരാന്‍ മനസ്സുള്ള കെ.എ. ഷീബയെ വിജയിപ്പിക്കണമെന്നും കെ.പി.സി.സി ജനറല്‍ സെക്രട്ടറി പത്മജ വേണുഗോപാല്‍ പറഞ്ഞു. യു.ഡി.എഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ പി.എം. അമീര്‍ അധ്യക്ഷത വഹിച്ചു. അഡ്വ. വി. ബാലറാം, ജോസഫ് പാലിശേരി, ഒ. അബ്ദുറഹ്മാന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.