നാലുകോടിയില്‍ മരിച്ച ബംഗാളികളുടെ കുടുംബത്തിന് പായിപ്പാട്ടുനിന്ന് സഹായം

ചങ്ങനാശേരി: നാലുകോടിയില്‍ വാഹനാപകടത്തില്‍ മരിച്ച ബംഗാളികളുടെ കുടുംബത്തിന് സഹായധനവുമായി പായിപ്പാട്ടു നിന്ന് ആറംഗസംഘം ബംഗാളിലെ വീടുകള്‍ സന്ദര്‍ശിച്ചു. പശ്ചിമ ബംഗാള്‍ മാല്‍ഡ കുമരിയ റബീക്കുല്‍ ഇസ്ലാം, റഹിമത്തോല മുഹമ്മദ് ജഹാംഗീര്‍ അലി, കുത്തബ് ഗഞ്ച് അബ്ദുല്‍ വഹാബ് എന്നിവരുടെ കുടുംബങ്ങള്‍ക്ക് പായിപ്പാട് സ്വദേശികള്‍ സമാഹരിച്ച സഹായധനം എത്തിക്കാനാണ് ബംഗാളിലത്തെിയത്. പായിപ്പാട് ഇമാം കെ.എം. ഈസാ മൗലവി അല്‍ഖാസിമിയുടെ നേതൃത്വത്തില്‍ പി.എ. ഇസ്മാഈല്‍, പായിപ്പാട് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.എ.എം. ഇസ്മായില്‍, പി.ടി. ഇസ്മായില്‍, നൗഷാദ് ഖാലുദ്ദീന്‍,സി.ടി.എം. സക്കീര്‍ ഹുസൈന്‍ എന്നിവരാണ് ബംഗാള്‍ തൊഴിലാളികളുടെ വീട്ടില്‍ എത്തിയത്. വിദ്യാഭ്യാസം നേടിയിട്ടും കൂലിപ്പണി ആശ്രയിക്കേണ്ടി വന്നവരാണ് ബംഗാള്‍ ചെറുപ്പക്കാരെന്ന് അവര്‍ പറഞ്ഞു. പുതുതലമുറയിലെ ഇവിടത്തെ മിക്ക ചെറുപ്പക്കാരും പഠിച്ചിട്ടെന്തുകാര്യം എന്ന ചിന്തയിലാണ്. പ്രൈമറി സ്കൂളില്‍ അധ്യാപകനായി ജോലി നേടാന്‍ 12 ലക്ഷം രൂപാ കെട്ടിവെക്കണമെന്ന മാനേജ്മെന്‍റിന്‍െറ ആവശ്യത്തിനു മുന്നില്‍ അധ്യാപകനാകാന്‍ ആഗ്രഹിച്ച അബ്ദുല്‍ മദീന്‍ കൂലിപ്പണി ആശ്രയിച്ചു. എം.ബി.ബി.എസ് പാസായശേഷം ചൂളയില്‍ കട്ടയുണ്ടാക്കുന്ന ജോലി ചെയ്യുന്ന ഒരു ഡോക്ടറുമുണ്ടിവിടെ. ഉപജീവന മാര്‍ഗത്തിന് കൃഷിയെ ആശ്രയിക്കുന്ന ഇവര്‍ക്ക് മതിയായ വിലയോ ലാഭമോ ലഭിക്കുന്നില്ല. ഇടനിലക്കാരും മുതലാളിമാരുമാണ് ലാഭം കൊയ്യുന്നത്. പത്തു വയസ്സില്‍ ജോലിക്കിറങ്ങുകയാണ് ഇവിടത്തെ കുട്ടികള്‍. പുല്ലു മേഞ്ഞ വീടുകളാണ് ഏറെയും. ഗ്രാമങ്ങളിലെങ്ങും ടാറിട്ട റോഡുകള്‍ കാണാനില്ല. മണ്‍റോഡില്‍ നിന്നുള്ള പറന്നുയരുന്ന പൊടിപടലങ്ങള്‍ ശ്വസിച്ച് പലരും ശ്വാസകോശ രോഗികളുമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അറ്റകുറ്റപ്പണികള്‍ നടത്തിയിട്ട് വര്‍ഷങ്ങളായി. പുഖ്രിയ ഗ്രാമത്തിലെ ജുമാമസ്ജിദിന്‍െറയും അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടും നാളുകളായി. ഇവിടത്തെതന്നെ ബാലികാ ബസാറിലുള്ള അബാ ഖനി ഖാന്‍ മൈനോറിറ്റി ഇന്‍സ്റ്റിറ്റ്യൂഷന്‍ ഒമ്പതാം ക്ളാസ് വരെയുള്ള അണ്‍എയ്ഡഡ് സ്കൂളിലെ മുഴുവന്‍ അധ്യാപകരും വേതനം കൈപ്പറ്റാതെയാണ് ജോലി ചെയ്യുന്നത്. ഒരു വര്‍ഷത്തേക്ക് 100 രൂപയാണ് വിദ്യാര്‍ഥികളില്‍നിന്ന് ഫീസ് ഈടാക്കുന്നത്. 30 ല്‍ താഴെ വിദ്യാര്‍ഥികളാണ് ഓരോ ക്ളാസിലും പഠിക്കുന്നത്. ഇവരില്‍ പെണ്‍കുട്ടികളാണ് കൂടുതലും. കുടുംബത്തിന്‍െറ വിശപ്പടക്കാന്‍ നാടുവിട്ടു കേരളത്തെ ആശ്രയിക്കുന്നവരാണ് ഇവിടത്തെ ചെറുപ്പക്കാരില്‍ ഭൂരിപക്ഷവും. ചുരുങ്ങിയ കാലം കൊണ്ട് ആയിരക്കണക്കിനു ബംഗാളികളാണ് പായിപ്പാട് ഗ്രാമത്തില്‍ താമസിച്ച് ജോലികള്‍ ചെയ്തുവരുന്നത്. ഇവരില്‍പ്പെട്ട മൂന്നു പേര്‍ക്കാണ് കഴിഞ്ഞ മൂന്നിന് പായിപ്പാട് ലോറി ഓട്ടോയിലേക്ക് പാഞ്ഞുകയറി ദാരുണാന്ത്യം സംഭവിച്ചത്. പായിപ്പാട് പഞ്ചായത്ത് പ്രസിഡന്‍റ് എം.കെ. രാജേന്ദ്രന്‍, മാടപ്പള്ളി ബ്ളോക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വിനു ജോബ്, എബി വര്‍ഗീസ്, ജയിംസ് വേഷ്ണാല്‍, ടി.എ. അന്‍സാരി, കെ.എ. ഷാജി, സാലിഹ് വാരിക്കാട്, കെ.ബി. സലീം, കെ.ഡി മോഹനന്‍, ഉണ്ണിക്കുട്ടന്‍, സുനീര്‍ റഹ്മാന്‍ മുഹമ്മദ് സാലി എന്നിവരും ധനശേഖരണത്തിനു നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.