മങ്ങലേല്‍ക്കാത്ത രാഷ്ട്രീയ ഓര്‍മകളുമായി പങ്കജാക്ഷ പണിക്കര്‍

നെടുങ്കണ്ടം: സ്വാതന്ത്ര്യലബ്ദിക്ക് മുമ്പ് ബ്രിട്ടീഷ് നിയന്ത്രണത്തിലുള്ള ഇന്ത്യന്‍ ആര്‍മിയില്‍ ഹവീല്‍ദാറായി സേവനമനുഷ്ഠിച്ച പങ്കജാക്ഷ പണിക്കര്‍ക്ക് തെരഞ്ഞെടുപ്പിനെക്കുറിച്ചും തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികളെക്കുറിച്ചും ചിലതെല്ലാം പറയാനുണ്ട്. പറഞ്ഞുവരുമ്പോള്‍ ചിലപ്പോഴെല്ലാം പങ്കജാക്ഷ പണിക്കര്‍ ദേഷ്യക്കാരനാകും. ചിലപ്പോള്‍ പട്ടാള ഭരണമാണ് വേണ്ടതെന്ന് പറയും. തൂക്കുപാലത്തിനടുത്ത് ചോറ്റുപാറ ബ്ളോക് നമ്പര്‍ 362ലെ നിലംപൊത്താറായ കൂരയിലെ വരാന്തയിലിരുന്ന് ഈ 90 കാരന്‍ പഴയകാല തെരഞ്ഞെടുപ്പിനെപ്പറ്റിയും നേതാക്കളെപ്പറ്റിയും അയവിറക്കുകയാണ്. പഴയകാല നേതാക്കളുടെ ഒപ്പമത്തൊന്‍ കഴിവുള്ള ഒരു നേതാവും ഇന്നില്ല. ഇന്നത്തെ രാഷ്ട്രീയ നേതാക്കള്‍ക്ക് പണം മതിയെന്ന സ്ഥിതിയാണ്. പി.സി. ചെറിയാന്‍, ആര്‍. ശങ്കര്‍, സി. കേശവന്‍, പട്ടംതാണുപിള്ള, ടി.എം. വര്‍ഗീസ് ഇവരൊക്കെ സ്വന്തം ഭൂസ്വത്ത് വിറ്റ് രാഷ്ട്രീയം കളിച്ചവരാണ്. എന്നാല്‍, ഇന്നത്തെ നേതാക്കള്‍ രാഷ്ട്രീയം വിറ്റ് സ്വത്ത് സമ്പാദിക്കുന്നവരാണ്. ഇന്നത്തെ നേതാക്കന്മാരിലും എന്തിന് രാഷ്ട്രീയത്തെ തന്നെയും വിശ്വാസമില്ലാതായി. എങ്കിലും ഈ തലമുറയിലും സത്യസന്ധരായ ചിലരെല്ലാം ഉണ്ടെന്നത് ആശ്വാസകരമാണ്. മുമ്പ് ചിഹ്നം പതിച്ച പെട്ടികളായിരുന്നു. അന്ന് മഷി പുരട്ടലില്ല. മറ്റുള്ളവരെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലോ താറടിച്ചോ ഉള്ള പ്രസംഗങ്ങളോ പ്രവര്‍ത്തനങ്ങളോ ഇല്ലായിരുന്നു. അവനവന്‍െറ നേട്ടങ്ങളും കഴിവുകളും മാത്രം പ്രചരിപ്പിക്കലായിരുന്നു. കോണ്‍ഗ്രസിന് നുകംവെച്ച കാളയും കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അരിവാള്‍ നെല്‍ കതിരും പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിക്ക് (പി.എസ്.പി) കുടിലുമായിരുന്നു ചിഹ്നം. തകിടുകൊണ്ട് നീളത്തില്‍ ചുരുട്ടിയെടുത്ത കോളാമ്പിയിലൂടെ ടൗണില്‍ മാത്രം വിളിച്ച് പറഞ്ഞായിരുന്നു വോട്ട് പിടിത്തം. അന്ന് ആര്‍ഭാടങ്ങളില്ലായിരുന്നു. അന്നത്തെ വോട്ടര്‍മാരും സത്യസന്ധരായിരുന്നു. ഇന്നത്തെ തലമുറയില്‍ 10 ശതമാനം സത്യസന്ധരെ ഉള്ളൂ. ചില സന്ദര്‍ഭത്തില്‍ തനിക്ക് മൂടും ചുവടുമില്ലാതെ പ്രവര്‍ത്തിക്കാന്‍ തോന്നാറുണ്ട്. അത്രകണ്ട് ജീവിതം പോലും മടുത്തു. ഇതെല്ലാം കേട്ട് പത്നി നളിനാക്ഷി (80) ചാണകം മെഴുകിയ തറയില്‍ വിരിച്ച പ്ളാസ്റ്റിക് ചാക്കില്‍ കാലുംനീട്ടി ഇരുന്നു. സ്വാതന്ത്ര്യത്തിന് മുമ്പും ശേഷവും രാജ്യത്തിനായി സേവനം ചെയ്യാന്‍ അവസരം ലഭിച്ചതിന്‍െറ നിര്‍വൃതിയിലാണ് വെമ്പഴശേരില്‍ ഇളയത്തറയില്‍ ഇ.കെ. പങ്കജാക്ഷന്‍. 1943ല്‍ 20ാം വയസ്സിലാണ് തേര്‍ഡ് മദ്രാസ് റെജിമെന്‍റില്‍ നായിക്കായി ജോലിയില്‍ പ്രവേശിക്കുന്നത്. ഇവിടെ ജോലി ചെയ്യുന്നതിനിടെ ഇറ്റലി, ഇറാഖ്, ഇറാന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളില്‍ സേവനത്തിനായി നിയോഗിക്കപ്പെട്ടു. മൂന്നുവര്‍ഷത്തോളം അവധി പോലും അനുവദിച്ചിരുന്നില്ല. ഇന്ത്യ-പാക് വിഭജന സമയത്ത് ലാഹോറില്‍ ഹിന്ദു-മുസ്ലിം ലഹളയുണ്ടായപ്പോള്‍ തന്‍െറ നേതൃത്വത്തിലായിരുന്നു സമാധാന പ്രവര്‍ത്തനങ്ങള്‍. 1948 ല്‍ നാട്ടിലേക്ക് മടങ്ങി 1953ല്‍ വിരമിച്ചു. പിന്നീട് മധ്യപ്രദേശില്‍ ഇന്ത്യന്‍ ആര്‍മിയില്‍ താല്‍ക്കാലികമായി സേവനമനുഷ്ഠിച്ചു. ആലപ്പുഴ കിളക്കേ ചേന്നശേരി സ്വദേശിയായ പങ്കജാക്ഷനും കുടുംബവും 1955ല്‍ ബ്ളോക് കിട്ടി പട്ടം കോളനിയിലേക്ക് വരികയായിരുന്നു. നാല് പെണ്‍മക്കളും മൂന്ന് ആണ്‍ മക്കളുമുള്ള പങ്കജാക്ഷനും ഭാര്യയും ഇളയ മകന്‍ പ്രദീപിനൊപ്പമാണ് മങ്ങലേല്‍ക്കാത്ത ഓര്‍മകളുമായി ദിനരാത്രങ്ങള്‍ തള്ളിനീക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.