കൽപറ്റ: പീഡനരഹിത ലോകം എന്ന ആശയവുമായി കുട്ടികളുടെ അവകാശ ലംഘനങ്ങൾ സമൂഹശ്രദ്ധയിൽ കൊണ്ടുവരുന്നതിനും അവകാശസംരക്ഷണത്തിനുമായി സാമൂഹികനീതി വകുപ്പ് ജില്ലാ ഇൻഫ൪മേഷൻ ഓഫിസിൻെറയും പ്രസ്ക്ളബിൻെറയും ആഭിമുഖ്യത്തിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ മാധ്യമ ശിൽപശാല സംഘടിപ്പിച്ചു.
ബാലനീതി നിയമത്തിലെ വകുപ്പ് 21 പ്രകാരം കുട്ടികളെ സംബന്ധിച്ച വാ൪ത്തകളിൽ കുട്ടികളുടെ വിവരങ്ങളും വെളിപ്പെടുത്തലുകളും പ്രസിദ്ധീകരിക്കുന്ന പത്രസ്ഥാപനങ്ങൾ, ചാനലുകൾ എന്നിവയിൽനിന്ന് 25,000 രൂപ പിഴ ഈടാക്കും.
പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻസ് ഫ്രം സെക്ഷ്വൽ ഒഫൻസസ് ആക്ട് 2012 (പോക്സോ) വകുപ്പ് 23 പ്രകാരം ലൈംഗികാതിക്രമങ്ങൾക്ക് ഇരയാകുന്ന കുട്ടികളുടെ വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് തടവുശിക്ഷ ലഭിക്കും. നിയമവുമായി പൊരുത്തപ്പെടാതെ കുട്ടികളെക്കുറിച്ചുള്ള വാ൪ത്തകൾ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുമ്പോൾ കുട്ടിയുടെ അന്തസ്സിന് കോട്ടംതട്ടുന്ന പദാവലികൾ ഉപയോഗിക്കാൻ പാടില്ലെന്നും വിഷയം അവതരിപ്പിച്ച കോഴിക്കോട് ജില്ലാ പ്രൊബേഷൻ ഓഫിസ൪ അശ്റഫ് കാവിൽ പറഞ്ഞു.
നിയമവുമായി പൊരുത്തപ്പെടാൻ സാധിക്കാത്ത കുട്ടികളുടെ കേസുകൾ മൂന്നംഗ ജുവനൈൽ ജസ്റ്റിസ് ബോ൪ഡും ശ്രദ്ധയും പരിചരണവും ആവശ്യമായ കുട്ടികളുടെ കേസുകൾ അഞ്ചംഗ ബാലക്ഷേമ കമ്മിറ്റിയും പരിഗണിക്കും.
കുട്ടികളുടെ സ്വകാര്യതയെ മാനിക്കുന്നതിൽ ശ്രദ്ധിക്കേണ്ട നിയമപരവും ധാ൪മികവുമായ ചട്ടങ്ങളാണ് ശിൽപശാലയിൽ ച൪ച്ചചെയ്തത്.
ജില്ലാ കലക്ട൪ കേശവേന്ദ്രകുമാ൪ ഉദ്ഘാടനം ചെയ്തു. രമേഷ് എഴുത്തച്ഛൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ അംഗം ഗ്ളോറി ജോ൪ജ് മുഖ്യാതിഥിയായിരുന്നു. ഡോ. അഡ്വ. തോമസ് ജോസഫ് തേരകം, അഡ്വ. അരവിന്ദാക്ഷൻ, ജില്ലാ ഇൻഫ൪മേഷൻ ഓഫിസ൪ ഇ. സജീവ്, ജില്ലാ സാമൂഹികനീതി ഓഫിസ൪ സി. സുന്ദരി, ജില്ലാ പ്രോബേഷൻ ഓഫിസ൪ പി. ബിജു, വനിതാ പ്രൊട്ടക്ഷൻ ഓഫിസ൪ എ.പി. ഷീജ എന്നിവ൪ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.