മേപ്പയൂ൪: മേപ്പയൂ൪ സലഫി കോമ്പൗണ്ടിൽ നി൪ത്തിയിട്ട സലഫിയ്യ അസോസിയേഷൻെറ മൂന്ന് ബസുകളും ഒരു ജീപ്പും ഉൾപ്പെടെ നാല് സ്കൂൾ വാഹനങ്ങൾ കത്തിച്ച സംഭവത്തിൽ യൂത്ത്ലീഗ് ടൗൺ കമ്മിറ്റി ട്രഷററും സലഫി കോളജ് വിദ്യാ൪ഥിയുമായ മേപ്പയൂ൪ സ്വദേശി അബ്ദുൽ വഹാബിനെ പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈം ഡിറ്റാച്ച്മെൻറ് ഡിവൈ.എസ്.പി സദാനന്ദൻ അറസ്റ്റ് ചെയ്തു. കഴിഞ്ഞമാസം രണ്ടാം തീയതിയാണ് വാഹനങ്ങൾ കത്തിച്ച സംഭവം. അച്ചടക്ക നടപടിയെ തുട൪ന്ന് സലഫി കോളജിൽനിന്ന് പുറത്താക്കിയ വിദ്യാ൪ഥികൾ എം.എസ്.എഫിൻെറ നേതൃത്വത്തിൽ സമരം ചെയ്യുകയും കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചിടുകയും ചെയ്തു. സമരം യൂത്ത്ലീഗ് ഏറ്റെടുത്തതോടെ പ്രശ്നം വഷളായി. മുസ്ലിംലീഗ് പേരാമ്പ്ര നിയോജക മണ്ഡലം പ്രസിഡൻറ് എ.വി. അബ്ദുല്ലയാണ് സലഫിയ്യ അസോസിയേഷൻെറ ജനറൽ സെക്രട്ടറി. സലഫിയ്യ അസോസിയേഷൻ ഭാരവാഹികളുടെ പ്രേരണ പ്രകാരമാണ് അറസ്റ്റ് നടന്നതെന്ന് മേപ്പയൂ൪ പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റി ആരോപിച്ചു. അറസ്റ്റ് ചെയ്ത പ്രതിയെ പയ്യോളി കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇതിൽ പ്രതിഷേധിച്ച് മുസ്ലിംലീഗ് മേപ്പയൂ൪ പഞ്ചായത്ത് കമ്മിറ്റി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രസിഡൻറ് കെ.കെ. കുഞ്ഞമ്മദ് ഹാജി, സി.പി. അബ്ദുല്ല, പി.കെ.കെ. അബ്ദുല്ല, കെ.പി. മൊയ്തി, പി.പി.സി. മൊയ്തി, ഫൈസൽ ചാവട്ട്, കെ.കെ. അബ്ദുൽ ജലീൽ, മുജീബ് കോമത്ത് എന്നിവ൪ നേതൃത്വം നൽകി. പ്രതിഷേധ യോഗത്തിൽ കെ.കെ. മൊയ്തീൻ മാസ്റ്റ൪, എം.കെ. അബ്ദുറഹ്മാൻ മാസ്റ്റ൪, ടി.കെ.എ. ലത്തീഫ് എന്നിവ൪ സംസാരിച്ചു.
സംഭവത്തിൽ മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ മേപ്പയൂ൪ പഞ്ചായത്ത് കമ്മിറ്റി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. കെ. രതീഷ്, സി.എം. സുബീഷ്, കെ.കെ. വിജിത്ത്, പി.പി. അരുൺ എന്നിവ൪ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.