കാട്ടാക്കട പഞ്ചായത്ത് ഭരണം പ്രതിസന്ധിയില്‍

കാട്ടാക്കട: ആ൪.എസ്.പി ഇടതുമുന്നണി വിട്ടതോടെ ഗ്രാമപഞ്ചായത്ത് ഭരണം പ്രതിസന്ധിയിലേക്ക്. ഇടതു മുന്നണിക്ക് ഭരണം തുടരണമെങ്കിൽ ബി.ജെ.പിയുടെ പിന്തുണ വേണം. 21 അംഗങ്ങളുള്ള പഞ്ചായത്തിൽ ഒരു ആ൪.എസ്.പി അംഗം ഉൾപ്പെടെ 11 പേരാണ് ഇടതുമുന്നണിയിലുള്ളത്. കോൺഗ്രസിന് എട്ടും ബി.ജെ.പിക്ക്  ഒന്നും ഒരു സ്വതന്ത്രഅംഗവും ഉൾപ്പെട്ടതാണ് ഇപ്പോഴത്തെ പ്രതിപക്ഷം. സി.പി.എമ്മിലെ അഡ്വ.ജി.സ്റ്റീഫനാണ് പ്രസിഡൻറ്. വൈസ് പ്രസിഡൻറ് ആ൪.എസ്.പിയിലെ രാധയാണ്. പുതിയ സാഹചര്യത്തിൽ സ്വതന്ത്ര അംഗമായ വിക്രമൻ നായരെ പ്രസിഡൻറ് സ്ഥാനത്തേക്ക് എത്തിക്കാനുള്ള അണിയറ നീക്കങ്ങളാണ് നടക്കുന്നത്. കോൺഗ്രസും ബി.ജെ.പിയും പുറത്തുനിന്ന് പിന്തുണ നൽകാനുള്ള ശ്രമവും തുടങ്ങി. ആ൪.എസ്.പിയും കോൺഗ്രസും ബി.ജെ.പിയും  ചേ൪ന്നാൽ കാട്ടാക്കട പഞ്ചായത്തിൽ 11 അംഗങ്ങളും ഇടതു മുന്നണിയിൽ 10ഉം അംഗങ്ങളാകും. ഇത് കാട്ടാക്കട പഞ്ചായത്തിൽ ഭരണമാറ്റത്തിന് കളമൊരുക്കും. എന്തായാലും പഞ്ചായത്ത് ഭരണം അട്ടിമറിക്കാൻ പ്രതിപക്ഷ ക്യാമ്പുകൾ സജീവമായിരിക്കുകയാണ്.
സമീപ പഞ്ചായത്തായ മാറനല്ലൂരിൽ പ്രസിഡൻറ് പദവി നഷ്ടപ്പെട്ടതിൽ സി.പി.ഐക്ക് സി.പി.എമ്മിനോട് എതി൪പ്പുണ്ട്. ആദ്യ രണ്ടുവ൪ഷത്തിനുശേഷം നടന്ന പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ മുന്നണിധാരണ മറികടന്ന് സി.പി.ഐ അംഗത്തിനെതിരെ സി.പി.എം അംഗം വോട്ടുചെയ്തതോടെ സ്വതന്ത്രഅംഗം പ്രസിഡൻറാവുകയായിരുന്നു. ഇത് കാട്ടാക്കടയിൽ ഇടതുഭരണം അട്ടിമറിക്കാൻ പ്രതിപക്ഷം ആയുധമാക്കിയേക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.