ന്യൂഡൽഹി: ബിഹാ൪ മുഖ്യമന്ത്രി നിതീഷ് കുമാറിനെ കപടനെന്നും ലോക് ജനശക്തി പാ൪ട്ടി (എൽ.ജെ.പി) നേതാവ് റാം വിലാസ് പാസ്വാനെ തുറന്നമനസ്സുള്ളയാളെന്നും വിശേഷിപ്പിച്ച് നരേന്ദ്ര മോദി. എൻ.ഡി.എ വിട്ട ശേഷവും പാസ്വാൻ തന്നോട് ആദരവ് പ്രകടിപ്പിച്ചിരുന്നെന്ന് മോദി പറഞ്ഞു. തന്നോടൊപ്പം ഒരു മുറിയിൽ ഇരിക്കുന്നതിൽ പോലും അസ്വസ്ഥരാകുന്ന നേതാക്കളുണ്ടെന്ന് പറഞ്ഞ് നിതീഷ് കുമാറിനെ പരോക്ഷമായി മോദി വിമ൪ശിക്കുകയും ചെയ്തു. മുസഫ൪പൂരിലെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാ൪ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോദി.
17 വ൪ഷം ഒരുമിച്ചുനിന്ന ശേഷമാണ് നിതീഷ് കുമാ൪ എൻ.ഡി.എ വിട്ടത്. ഗുജറാത്ത് കലാപത്തിൽ മോദിക്ക് പങ്കുണ്ടെന്നാരോപിച്ച് 2002ൽ എൻ.ഡി.എ വിട്ട പാസ്വാൻ, ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാ൪ഥിയെ വിജയിപ്പിക്കാൻ ബാധ്യസ്ഥനാണെന്ന് വ്യക്തമാക്കി എൻ.ഡി.എയിൽ തിരിച്ചു കയറിയിരിക്കുകയാണ്. ലോക് ജനശക്തി പാ൪ട്ടിയെ സ്വാഗതം ചെയ്ത മോദി, പ്രതിപക്ഷത്തെ വിറളിപിടിപ്പിച്ച് എൻ.ഡി.എ ഇനിയും വളരുമെന്നും മോദി കൂട്ടിച്ചേ൪ത്തു.
എൻ.ഡി.എയിൽ ചേ൪ന്നശേഷം ആദ്യമായി പൊതുപരിപാടിയിൽ പങ്കെടുത്ത പാസ്വാൻ, കോൺഗ്രസിനും യു.പി.എക്കുമെതിരെ രൂക്ഷ വിമ൪ശം അഴിച്ചുവിട്ടു. നേരത്തേ ഞാൻ അവ൪ക്ക് നല്ല മനുഷ്യനായിരുന്നു.
എന്നാൽ, എൻ.ഡി.എയിൽ ചേ൪ന്നതോടെ അവ൪ക്ക് ചീത്ത മനുഷ്യനായി. പക്ഷേ, മാന്യത ലഭിക്കാതെ ജീവിക്കുന്നതിൽ കാര്യമില്ല. ഒരു മുന്നണിക്കുവേണ്ട മര്യാദകൾ നടപ്പാക്കുന്നതിൽ ബി.ജെ.പിയോട് നന്ദിയുണ്ട് -പാസ്വാൻ പറഞ്ഞു.
അതേസമയം, പാസ്വാനെ എൻ.ഡി.എയിൽ സ്വീകരിച്ചതിൽ പ്രതിഷേധിച്ച് ഏതാനും ബി.ജെ.പി നേതാക്കൾ റാലിയിൽ നിന്ന് വിട്ടുനിന്നു.
ബി.ജെ.പി ദേശീയ വൈസ് പ്രസിഡൻറ് സി.പി. താക്കൂ൪, മുൻ മന്ത്രി അശ്വിനി കുമാ൪ ചൗബേ, ഗിരിരാജ് സിങ്, കീ൪ത്തി ആസാദ് എം.പി എന്നിവരാണ് റാലിയിൽ പങ്കെടുക്കാതിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.