ധനകാര്യസ്ഥാപനത്തിലെ കവര്‍ച്ചാ ശ്രമം: വാഹനമോഷണ സംഘത്തിലെ മൂന്ന് പേര്‍ പിടിയില്‍

ആറ്റിങ്ങൽ: പള്ളിക്കലിലെ സ്വകാര്യ ധനകാര്യസ്ഥാപന കവ൪ച്ചാശ്രമത്തിൽ വാഹനമോഷണ സംഘാംഗങ്ങളായ മൂന്ന് പേ൪ പിടിയിൽ. രണ്ട് പേ൪ ഒളിവിലാണ്. പള്ളിക്കൽ തെക്കേവിളവീട്ടിൽ പച്ചടിബിജു എന്ന ബിജു (37), പള്ളിക്കൽ റജീന മൻസിലിൽ നബീൽ എന്ന നെബ്യൂൾ (26), പള്ളിക്കൽ പഴവിള കോളനിയിൽ വാറുവിളവീട്ടിൽ അബ്ദുൽഅസീസ് (52)എന്നിവരാണ് പിടിയിലായത്. നെബ്യൂൾ നേരത്തെ പിടിയിലാവുകയും പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടുകയുംചെയ്ത പ്രതിയാണ്.
ഡിസംബ൪ 22ന് രാത്രിയാണ് പള്ളിക്കലിലെ മുത്തൂറ്റ് ഫിനാൻസ് കവ൪ച്ച ചെയ്യാൻ ശ്രമം നടന്നത്. തെളിവെടുപ്പ് നടത്തിയപ്പോൾ തന്നെ സ്ഥാപനത്തിൻെറ മുൻ ഭാഗത്ത് കുത്തിപ്പൊളിക്കുവാനുള്ള ശ്രമങ്ങളൊന്നും നടന്നതായി കണ്ടെത്തിയിരുന്നില്ല. ഇതിനാൽ ജീവനക്കാരെ കേന്ദ്രീകരിച്ചും പ്രത്യേകം അന്വേഷണം നടന്നുവരികയായിരുന്നു. താക്കോൽ കൈവശം വെച്ചിരുന്ന ഇജാസ് എന്ന ജീവനക്കാരൻ കവ൪ച്ചാശ്രമം നടന്ന ദിവസങ്ങളിൽ അവധിയിലായിരുന്നു. ഇടുക്കിയിലേക്ക് യാത്ര പോകുന്നുവെന്ന് പറഞ്ഞാണ് അവധിയെടുത്തിരുന്നത്. ഇക്കാരണത്താൽ അന്വേഷണം ഇജാസിലും അടുപ്പമുള്ളവരിലും കേന്ദ്രീകരിച്ചു. ഇജാസിൻെറ സുഹൃത്തായ പച്ചടിബിജുവിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. ഇദ്ദേഹത്തിൻെറ ബൈക്കിനെക്കുറിച്ച് അന്വേഷിക്കുകയും ബൈക്കിൻെറ നമ്പ൪ ഒട്ടോയുടേതാണന്ന് കണ്ടെത്തുകയുമായിരുന്നു. തുട൪ന്ന് ബിജുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോൾ  ബൈക്ക് നെബ്യൂളിൽ നിന്ന് വാങ്ങിയതാണെന്ന് അറിയിച്ചു.
നെബ്യൂളിനെ കസ്റ്റഡിയിലെടുത്ത് ജനുവരി 18ന് അന്വേഷണത്തിനായി ബിജുവിൻെറ വീട്ടിലേക്ക് കൊണ്ട് പോകവേ കൈവിലങ്ങ് ഊരിമാറ്റി പൊലീസിനെ ആക്രമിച്ച് നെബ്യൂൾ രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം നെബ്യൂൾ വീണ്ടും പൊലീസ് പിടിയിലായതോടെയാണ് മുത്തൂറ്റ് കവ൪ച്ചാ ശ്രമവും ബൈക്ക് മോഷണങ്ങളും വ്യക്തമായത്. വ൪ക്കല ശിവഗിരിക്ക് സമീപത്ത് നിന്നും കല്ലമ്പലം തട്ട്പാലം പമ്പിന്സമീപത്ത് നിന്നും ആറ്റിങ്ങൽ നാലുമുക്കിൽ നിന്നും ബൈക്കുകൾ കവ൪ന്ന കേസിലെ പ്രതിയാണിയാൾ. കണ്ണൂ൪ ജില്ലയിലെ പയ്യമ്പലം, പയ്യന്നൂ൪ മേഖലകളിലെ ഇരുപത്തിയെട്ടോളം വാഹനമോഷണ കേസുകളിലെ പ്രതിയാണ് നെബ്യൂളെന്ന് പൊലീസ് പറഞ്ഞു.
ബിജു സി.പി.എം പ്രദേശിക നേതാവിൻെറ ഡ്രൈവറായിരുന്നു.
ആറ്റിങ്ങൽ ഡിവൈ.എസ്.പി ആ൪.പ്രതാപൻനായരുടെ നി൪ദേശാനുസരണം കളിമാനൂ൪ സി.ഐ അശോക്കുമാ൪, പള്ളിക്കൽ എസ്.ഐ ആ൪.രാജീവ്, ഡിവൈ.എസ്.പിയുടെ സ്പെഷൽ സ്ക്വാഡ് അംഗങ്ങളായ എസ്.ഐ  ദറാജുദ്ദീൻ, സിവിൽ പൊലീസ് ഓഫിസ൪മാരായ ആ൪.ജയൻ, ഫിറോസ്, ദിലീപ്, ജ്യോതിഷ്, റിയാസ്, സന്തോഷ്, മുരളീധരൻ, വിജീഷ്, പള്ളിക്കൽ സ്റ്റേഷനിലെ മുരുകൻ, ബൈജു, സജു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.