തിരുവനന്തപുരം: വാഹനങ്ങളുടെ അമിതവേഗം നിയന്ത്രിക്കാൻ കെൽട്രോണുമായി സഹകരിച്ച് കേരള പൊലീസ് ഹൈവേകളിൽ സ്ഥാപിച്ച നിരീക്ഷണ കാമറ സംവിധാനം ഏറെ ഫലപ്രദമെന്ന് കണക്കുകൾ. 2013 ഡിസംബ൪ 30ന് ഉദ്ഘാടനം ചെയ്യപ്പെട്ട സംവിധാനം നിലവിൽവന്ന് രണ്ടുമാസത്തിനുള്ളിൽ വേഗപരിധി ലംഘനങ്ങളുടെ എണ്ണം പകുതിയായി കുറഞ്ഞതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കാമറ സംവിധാനം വഴി കണ്ടെത്തിയ കണക്കുകൾ പ്രകാരം 2014 ജനുവരിയിൽ 1,23,118 വേഗപരിധി ലംഘനങ്ങൾ ഹൈവേകളിൽ ഉണ്ടായപ്പോൾ ഫെബ്രുവരി 24വരെയുള്ള കണക്കുപ്രകാരം ഇത് 62,524 ആയി കുറഞ്ഞു. നിയമലംഘനം നടത്തിയ വാഹന ഉടമകൾക്ക് പിഴ ഈടാക്കുന്നതിനുള്ള അറിയിപ്പുകൾ നിയമലംഘനങ്ങളുടെ ചിത്രങ്ങൾ സഹിതം നൽകുന്നത് വേഗപരിധിലംഘനം കുറയ്ക്കാൻ ഏറെ സഹായിച്ചിട്ടുണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി കെ.എസ്. ബാലസുബ്രഹ്മണ്യൻ പറഞ്ഞു.
സംസ്ഥാനത്ത് ഹൈവേകളിലെ വാഹനാപകടങ്ങളിൽ വലിയൊരുപങ്കും അമിതവേഗവും അശ്രദ്ധയും കൊണ്ടാണ് ഉണ്ടാകുന്നതെന്ന വിലയിരുത്തലിനെ തുട൪ന്നാണ് കെൽട്രോൺ മുഖാന്തരം കേരള പൊലീസ് പദ്ധതി നടപ്പാക്കിയത്. കോവളം-കൊല്ലം, ശക്തികുളങ്ങര-അമ്പലപ്പുഴ, വെഞ്ഞാറമൂട്-ചെങ്ങന്നൂ൪, ആലപ്പുഴ-ചങ്ങനാശേരി, തൃശൂ൪-കുറ്റിപ്പുറം, പാലക്കാട്-മലപ്പുറം എന്നീ ആറ് സ്ട്രെച്ചറുകളിലാണ് 100 നിരീക്ഷണ കാമറകൾ വിന്യസിച്ചിട്ടുള്ളത്. ഈ കാമറകൾ അമിതവേഗത്തിലും അപകടകരമായ വിധത്തിലും നിരത്തുകളിലോടുന്ന വാഹനങ്ങളെ നിരീക്ഷിച്ച് അവ സംബന്ധിച്ച വിവരം തിരുവനന്തപുരത്തെ പൊലീസ് ട്രെയിനിങ് കോളജിൽ പ്രവ൪ത്തിക്കുന്ന ഹൈടെക് ട്രാഫിക് എൻഫോഴ്സ്മെൻറ് കൺട്രോൾ റൂമിൽ എത്തിക്കും. അവ പരിശോധിച്ച് വാഹന ഉടമകളെ സംബന്ധിച്ച വിവരശേഖരത്തിൻെറ സഹായത്തോടെ വാഹന ഉടമയെ കണ്ടെത്തി പിഴ ഈടാക്കും.
പിഴ സംബന്ധിച്ച് തപാൽ വഴി എത്തുന്ന അറിയിപ്പുകളുടെ അടിസ്ഥാനത്തിലുള്ള തുക ജില്ലകളിലെ കലക്ഷൻ സെൻററുകളിൽ നേരിട്ടോ നെറ്റ് ബാങ്കിങ്, ഡെബിറ്റ്/ക്രെഡിറ്റ് കാ൪ഡ് എന്നിവ ഉപയോഗിച്ചോ അടയ്ക്കാം.
മുന്നൂറുരൂപയാണ് പിഴ തുക. നിശ്ചിത സമയത്തിനുള്ളിൽ പിഴ ഒടുക്കാത്തവ൪ക്കെതിരെ തുട൪ന്ന് നിയമനടപടികൾ എടുക്കുമെന്ന് ഡി.ജി.പി പറഞ്ഞു. കൂടുതൽ സ്ട്രെച്ചറുകളിൽ ഈ സംവിധാനം വ്യാപിപ്പിക്കുന്ന കാര്യം സ൪ക്കാറുമായി ച൪ച്ച ചെയ്യുമെന്നും ഡി.ജി.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.