തൃശൂ൪: ക്ഷേത്രാരാധനയിലും ആചാരാനുഷ്ഠാനങ്ങളിലും അരുതാത്ത പലതും നടക്കുന്നുണ്ടെന്ന് ഗുരുവായൂ൪ ക്ഷേത്രം തന്ത്രി കുടുംബാംഗം ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്. ഇതിൽ പലതും ആചാര്യന്മാ൪ വിചാരിച്ചാൽ പരിഹരിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ആധ്യാത്മിക ശാസ്ത്ര സ്വാധേയവേദിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച നടത്തുന്ന ആചാര്യസംഗമം വിശദീകരിച്ച വാ൪ത്താസമ്മേളനത്തിലാണ് തന്ത്രി നിലപാട് വ്യക്തമാക്കിയത്.
താന്ത്രിക ക൪മങ്ങളുടെ അടിസ്ഥാന പ്രമാണങ്ങളിൽ മാറ്റം വരുത്താതെ ആചാരാനുഷ്ഠാനങ്ങൾ കാലോചിതമായി പരിഷ്കരിക്കാം. ഗുരുവായൂ൪ ക്ഷേത്രത്തിൽ കലാകാരനെ ജാതിയുടെപേരിൽ മാറ്റി നി൪ത്തിയതിനെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചില്ല.
ആചാര്യന്മാ൪ കൂടിയിരുന്ന് ആലോചിച്ചാൽ പല പ്രശ്നങ്ങൾക്കും പരിഹാരമാകും. പ്രധാന ക്ഷേത്രങ്ങളിലെ ചടങ്ങുകൾ പോലും അൽപജ്ഞാനികളോ അജ്ഞാനികളോ ആയവരുടെ പരീക്ഷണശാലയായി മാറിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആചാര്യസംഗമത്തിൽ കേരളത്തിനകത്തും പുറത്തുമുള്ള തന്ത്രിമാരും ജ്യോതിഷികളും പങ്കെടുക്കും. വിവിധ വിഷയങ്ങളിൽ ച൪ച്ച നടക്കും.
ച൪ച്ചകൾ ക്രോഡീകരിച്ച് ആചാരാനുഷ്ഠാനങ്ങൾ പരിഷ്കരിക്കുന്നതിന് ഭരണസമിതികളെ ബോധവത്കരിക്കുന്ന നടപടികളിലേക്കും ആചാര്യകൂട്ടായ്മ ലക്ഷ്യമിടുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. വെള്ളിയാഴ്ച രാവിലെ 11 മുതൽ വൈകീട്ട് നാലുവരെ തൃശൂ൪ ശ്രീശങ്കര മിനി ഹാളിലാണ് ആചാര്യസംഗമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.