വ്യാജ ബോംബ് വാര്‍ത്ത പരിഭ്രാന്തി പരത്തി

കൊളത്തൂ൪: പാലത്തിന് താഴെ ബോംബ് കണ്ടെത്തിയെന്ന വാ൪ത്ത നാട്ടുകാരിൽ പരിഭ്രാന്തി പരത്തി. പൊലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തി ബോംബല്ലെന്ന് കണ്ടെത്തിയതോടെയാണ് പരിഭ്രാന്തിയൊഴിഞ്ഞത്. വെങ്ങാട്- മൂ൪ക്കനാട് റോഡിൽ കരുപറമ്പ് പാലത്തിന് താഴെ തോട്ടിലാണ് വെള്ളിയാഴ്ച രാവിലെ പത്തിന് നാട്ടുകാ൪ ബോംബെന്ന് സംശയിക്കുന്ന വസ്തുക്കൾ കണ്ടത്. 15 സെൻറി മീറ്റ൪ നീളവും ഒന്നര ഇഞ്ച് കനവുള്ള നാല് പി.വി.സി പൈപ്പുകളാണ് കണ്ടത്. രണ്ടറ്റങ്ങളും അടച്ച നിലയിൽ കണ്ടെത്തിയ പൈപ്പുകൾ ബോംബാണെന്ന വാ൪ത്ത പ്രദേശത്ത് പൊടുന്നനെ പരന്നു. വിവരമറിഞ്ഞ് പത്തരയോടെ കൊളത്തൂ൪ പൊലീസ് സ്ഥലത്തെത്തി. തിങ്ങിനിറഞ്ഞ നാട്ടുകാരെ പൊലീസ് ഒഴിപ്പിച്ചു. പൊലീസ് അറിയിച്ചതനുസരിച്ച് മലപ്പുറത്തുനിന്ന് ആ൪.എസ്. സുനിൽകുമാറിൻെറ നേതൃത്വത്തിൽ ബോംബ് സ്ക്വാഡും സോൾജ്യ൪ എന്ന നായയും എത്തി പരിശോധന നടത്തി. പൈപ്പിനുള്ളിൽ എഴുതിയ ചെമ്പുതകിടുകളാണ് കണ്ടെത്തിയത്. സ്ഫോടക വസ്തുക്കളൊന്നും ഇല്ലെന്ന് ബോംബ് സക്വാഡ് അറിയിച്ചതോടെയാണ് നാട്ടുകാ൪ക്ക് ശ്വാസം നേരെ വീണത്. കൊളത്തൂ൪ സ്റ്റേഷനിലെ എ.എസ്.ഐ രാധാകൃഷ്ണൻ, എസ്.സി.പി.ഒമാരായ മനു, ചന്ദ്രൻ, മോഹനകൃഷ്ണൻ, ശ്യാം എന്നിവരാണ് സ്ഥലത്തെത്തിയത്. കണ്ടെത്തിയ വസ്തുക്കൾ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.